1. കേരളത്തിലെ കർഷകർക്ക് ആശ്വാസമായി കാപ്പിവില റെക്കോർഡിലേക്ക്. വിളവെടുപ്പ് അവസാനിച്ചപ്പോൾ കാപ്പി പരിപ്പ് ക്വിന്റലിന് 19,400 രൂപയായി ഉയർന്നു. കാപ്പി ഉൽപാദന രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. ജനുവരിയിൽ കാപ്പിയ്ക്ക് 16,000 രൂപയാണ് ക്വിന്റലിന് ലഭിച്ചത്. ഇതാദ്യമായാണ് വിളവെടുപ്പ് കാലത്ത് വില ഇത്രയധികം ഉയരുന്നത്. തുടർച്ചയായി രണ്ട് വർഷവും ഉൽപാദനത്തിൽ കുറവ് ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾ: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കും; ക്ഷീരമന്ത്രി..കൂടുതൽ വാർത്തകൾ
2. വിതരണാനുമതി ലഭിക്കാത്തതുമൂലം കേരളത്തിലെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ചാക്ക് കണക്കിന് അരി. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി ആ വർഷം ഡിസംബർ വരെ നീട്ടിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും ഇതുസംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ആലപ്പുഴ ജില്ലയിൽ 60 ചാക്ക് അരിയാണ് വിതരണാനുമതി കാത്ത് കിടക്കുന്നത്. പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് കൊവിഡ് സമയത്ത് അനുവദിച്ച അരി മൂന്ന് മാസത്തോളമായി സൂക്ഷിക്കുകയാണെന്നും ഇനിയും താമസിച്ചാൽ അരി ഭക്ഷ്യയോഗ്യമല്ലാതാകുമെന്നും വ്യാപാരികൾ പറയുന്നു.
പുഴുക്കലരി ക്ഷാമമാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിൽ റേഷൻ കടകളിൽ പച്ചരി മാത്രമാണ് സ്റ്റോക്കുള്ളത്. 2022 ഡിസംബറിന് ശേഷം സൌജന്യ റേഷൻ വിതരണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ നിന്നും ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു.
3. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ആലപ്പുഴയിൽ കയർ കോർപ്പറേഷൻ സംഭരണ ശാല സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കയർ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഇളവ് നൽകുമെന്നും 50 ലക്ഷത്തിലധികം വില വരുന്ന കയർ ഉൽപന്നങ്ങൾ വാങ്ങുന്ന കയറ്റുമതിക്കാർക്ക് പകുതി വിലയ്ക്ക് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കയർ തൊഴിലാളികൾക്ക് കൂലി നേരിട്ട് വിതരണം ചെയ്യുന്ന സംവിധാനം സർക്കാർ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
4. എറണാകുളം ജില്ലാ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. തെങ്ങിന്‍ തൈകൾ വിതരണം ചെയ്യാനുള്ള ആദ്യവാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മലയന്‍ കുറിയ ഇനത്തിലുള്ള മുപ്പതിനായിരം തെങ്ങിന്‍ തൈകളാണ് മറ്റ് കൃഷിഭവനുകളിലേക്ക് വിതരണം ചെയ്യുന്നത്. പൊള്ളാച്ചിയിലെ കര്‍ഷകരില്‍ നിന്നുമാണ് വിത്തിനുള്ള നാളികേരം വാങ്ങിയത്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ മുളപ്പിച്ചെടുത്ത തെങ്ങിന്‍ തൈകള്‍ ഗ്രാമ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ വഴി 75 രൂപ വിലക്കാണ് കര്‍ഷകന് ലഭിക്കുക.
5. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 നും, 60 നും ഇടയിൽ പ്രായമുള്ളവരും, മറ്റ് ക്ഷേമനിധി ബോർഡുകളിൽ അംഗത്വമില്ലാത്തവരുമായ ബീച്ച് വർക്കർമാർ, ചെറുകിട മത്സ്യ വിതരണക്കാർ, മത്സ്യം ഉണക്കുന്നവർ, പീലിംഗ് തൊഴിലാളികൾ, ചെറുകിട സംസ്ക്കരണശാലയിലെ തൊഴിലാളികൾ എന്നിവർക്ക് അപേക്ഷ നൽകാം. ഫിഷറീസ് വകുപ്പിന്റെ FIMS പോർട്ടൽ വഴി ഈ മാസം 28 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. അല്ലെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഫിഷറീസ് ഓഫീസുകളിൽ നേരിട്ടും അപേക്ഷ നൽകാം.
6. മൈക്രോ ക്രെഡിറ്റ് വായ്പകള്‍ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രയോജനപ്പെടുത്തണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍. തൃക്കാക്കരയിൽ സംഘടിപ്പിച്ച മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 38 കുടുംബശ്രീ സംഘങ്ങള്‍ക്ക് നല്‍കുന്ന മൂന്നു കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. അതിദാരിദ്ര്യം പോലെ സമൂഹത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ ഇത്തരം വായ്പകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7. തൃശൂർ ജില്ലയിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 25ന് രാവിലെ 10 മുതൽ 4 മണി വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകും. പങ്കെടുക്കുന്നവർ 9188522713, 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരേണ്ടതാണ്.
8. തൃശൂരിൽ ഭക്ഷ്യസുരക്ഷ വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. ഈ മാസം 25ന് രാവിലെ 11 മുതൽ 12 വരെ ഓൺലൈൻ വഴിയാണ് വെബിനാർ സംഘടിപ്പിക്കുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2532890/ 2550322.
9. നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ പിക്ചേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടി ഇന്ത്യക്കാരൻ. സാൻഫ്രാൻസിസ്കോയിലെ സോഫ്റ്റ് വെയർ എൻജിനീയറായ കാർത്തിക് സുബ്രഹ്മണ്യനാണ് നേട്ടം സ്വന്തമാക്കിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിച്ച 5,000 എൻട്രികളിൽ നിന്നാണ് കാർത്തികിന്റെ ഫോട്ടോ പുരസ്കാരത്തിന് അർഹത നേടിയത്. അലസ്കയിലെ ചിൽകട് ബാൾഡ് ഈഗിൾ പ്രിസർവിൽ നിന്നും പകർത്തിയ 3 കഴുകന്മാർ പോരടിക്കുന്ന ചിത്രമാണ് കാർത്തിക് അയച്ചത്. ഡാൻസ് ഓഫ് ദി ഈവിൾസ് എന്ന് പേര് നൽകിയ ചിത്രം ഒരാഴ്ചയോളം കാത്തിരുന്ന ശേഷം പകർത്തിയ ഷോട്ടാണെന്ന് കാർത്തിക് പറഞ്ഞു.
10. പകൽച്ചൂടിൽ കേരളം ഉരുകുന്നു. രാത്രി മുതൽ പുലർച്ചെ വരെ കോച്ചുന്ന തണുപ്പും പകൽ സമയങ്ങളിൽ കഠിനമായ ചൂടുമാണ് അനുഭവപ്പെടുന്നത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായി രേഖപ്പെടുത്തുന്നത്. പാലക്കാട് എരുമയൂരിൽ 40.6 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെ പോലെ പക്ഷി-മൃഗാധികളെയും സാരമായി ബാധിക്കാറുണ്ട്. കൂടാതെ താപനില കൂടുമ്പോൾ അഗ്നിബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
Share your comments