നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ അംഗങ്ങളായ പാഡി കമ്മിറ്റികൾ എല്ലാ പഞ്ചായത്തിലും രൂപീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പഞ്ചായത്തുകൾക്ക് സർക്കുലർ നൽകാൻ പാഡി ഓഫീസറെ ചുമതലപ്പെടുത്തി. തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായാൽ മാത്രം കമ്മിറ്റി രൂപീകരിച്ചാൽ മതിയെന്ന നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നിർദേശവും മാനദണ്ഡങ്ങളും ലംഘിച്ച് നെല്ല് സംഭരിച്ചതായ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
2015 വരെയുള്ള പമ്പിങ് സബ്‌സിഡി കുടിശിക സർക്കാർ നൽകിക്കഴിഞ്ഞു. ജില്ലയിൽ 19.50 കോടി രൂപ കൂടി നൽകാനുണ്ട്. തുക ലഭ്യമാക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പാദന ബോണസ് 2012 മുതൽ കുടിശികയാണ്. ഇതു നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
പാടശേഖരസമിതി ഭാരവാഹികളിൽനിന്നും വികസന ഏജൻസികളിൽനിന്നും മന്ത്രി അഭിപ്രായങ്ങൾ ആരാഞ്ഞു. വരിയും കളയും നശിപ്പിക്കുന്നതിനായുള്ള കൃഷിക്ക് വൈദ്യുതി സൗജന്യമായി നൽകണമെന്നും രണ്ടാംകൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷിക്കാൻ നടപടി വേണമെന്നും പാടശേഖരങ്ങളുടെ ബണ്ടിലൂടെയുള്ള വഴികൾ പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെടുത്തണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ വില മൂന്നുദിവസത്തിനകം ബാങ്കിലൂടെ ലഭ്യമാക്കിയതിന് കർഷർ മന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ചു. വരിയും കളയും നശിപ്പിക്കുന്നതിനായി ചെയ്യുന്ന കൃഷിക്ക് വൈദ്യുതി ലഭ്യമാക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം , ജില്ലയിൽ പുഞ്ചക്കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. വിത്ത് വിതരണം സ്വകാര്യസംരംഭകർക്ക് നൽകില്ല. സംസ്ഥാന സീഡ് അതോറിറ്റി വഴിയേ നടത്തൂ. 1951 മെട്രിക് ടൺ വിത്താണ് ജില്ലയിൽ ആവശ്യമുള്ളത്. ഇതിൽ 1700 മെട്രിക് ടൺ വിത്തും സംസ്ഥാന സീഡ് അതോറിറ്റി വഴി ലഭ്യമാക്കിക്കഴിഞ്ഞു. ഇതു കൂടാതെ 108 മെട്രിക് ടൺ വിത്ത് ആലപ്പുഴയിലെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കൃഷി അഡീഷണൽ ഡയറക്ടർ എ.എ. പ്രസാദ് യോഗത്തെ അറിയിച്ചു. വിത്ത് ആവശ്യപ്പെട്ടുള്ള ഇൻഡന്റ് കൃത്യമായി നൽകാതെയാണ് ലഭ്യമല്ലെന്ന പരാതി ഉന്നയിക്കുന്നത്. വിതയ്ക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇൻഡന്റ് നൽകിയിട്ട് വിത്ത് ലഭിച്ചില്ലെന്ന പരാതി ഉന്നയിക്കുന്നത് ശരിയല്ല. പാടശേഖരസമിതികൾ ഒരു മാസം മുമ്പെങ്കിലും സമയബന്ധിതമായി ഇൻഡെന്റ് നൽകണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ ടി.വി. അനുപമ, കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ. പ്രേംകുമാർ, പുഞ്ച സ്‌പെഷൽ ഓഫീസർ മോൻസി പി. അലക്‌സാണ്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Share your comments