News

നാടൊരുങ്ങി: വിതമഹോത്സവം ശനിയാഴ്ച മുതൽ

തരിശ് നിലത്ത് കൃഷിയിറക്കാൻ നാടൊരുങ്ങി. പതിവ് തെറ്റിക്കാതെ കൃഷിമന്ത്രി എത്തും. എന്നാൽ ഇത്തവണ ഏറെ പ്രത്യേകതകൾ ഉണ്ട്. 15 വർഷത്തിലേറെയായി തരിശു കിടന്ന പാടത്താണ് വിത്ത് വിതയ്ക്കാനിറങ്ങുന്നത്. കൃഷി ചെയ്യാൻ വെള്ളമില്ലാതിരുന്ന പാടത്തേക്ക് മീനച്ചിലാർ - കൊടൂരാർ - മീനന്തറയാർ നദീസംയോജന പദ്ധതിയിലൂടെ വെള്ളമെത്തിച്ചാണ് കൃഷി യാഥാർത്ഥ്യമാക്കുന്നത്.
മീനച്ചിലാറും മീനന്തറയാറും കൊടൂരാറും കടന്നു പോകുന്ന അയർക്കുന്നം, അമയന്നൂർ, ഐരാറ്റുനട, മാലം ഭാഗങ്ങളിലെ തോടുകൾ വീണ്ടെടുത്തും നവീകരിച്ചുമാണ് കൃഷിക്ക് വഴിയൊരുക്കിയത്. തരിശ് നില കൃഷിക്കായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി കൃഷി വകുപ്പും അനുമതി നൽകി. പാടത്തെ പുല്ല് വെട്ടിയും വരമ്പുകൾ സ്ഥാപിച്ചും തോടുകൾ ആഴം കൂട്ടിയും ജല ലഭ്യത സാധ്യമാക്കൻ ഒന്നരക്കോടിയുടെ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്.

കൃഷിക്കാവശ്യമായ വിത്തും വളവും കൃഷി വകുപ്പ് സൗജന്യമായി നൽകി. തരിശ് നിലത്ത് കൃഷി ചെയ്യുന്നതിനായി കർഷകന് ഹെക്ടർ ഒന്നിന് 25000 രൂപ കൃഷിവകുപ്പ് നൽകും. ഇതിനായി പാടശേഖര സമിതി പുനരുജ്ജീവിപ്പിച്ച് മോട്ടോറുകൾ സ്ഥാപിച്ചു. നില ഉടമകളെ കൂടാതെ വിവിധ സംഘടനകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, കാർഷിക സമിതികൾ, യുവജന സംഘടനകൾ എന്നിവരും കൃഷിയിടങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്യുന്നുണ്ട്.

വിത മഹോത്സവം ഡിസംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് നാലുമണിക്കാറ്റിന് സമീപം പാലമുറി പാലത്തിങ്കല്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗ്രേസി കരിമ്പന്നൂര്‍ (മണര്‍കാട്), സിസി ബോബി (വിജയപുരം), മോനിമോള്‍ ജെയ്‌മോന്‍ (അയര്‍ക്കുന്നം), ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, ജെസ്സിമോള്‍ മനോജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു ചെറിയാന്‍, ജിജി ജിജി, റോയി ഇടയത്തറ, റ്റി.റ്റി. ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ റ്റെസ്സി ജോസഫ്, നദീ സംയോജന കണ്‍വീനര്‍ അഡ്വ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാര്‍ഷിക ക്ഷേമ കാര്‍ഷിക വികസന വകുപ്പു ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ പദ്ധതി വിശദീകരിക്കും. തരിശുനിലകൃഷി വികസന കണ്‍വീനര്‍ ഡോ. പുന്നന്‍ കുര്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റ്റിസ്സമ്മ തോമസ് നന്ദിയും പറയും.

CN Remya Chittettu Kottayam, #KrishiJagran


English Summary: resdy set go for Harvest fest

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine