News

റിട്ടയേര്‍ഡ് കേണല്‍ വി.പി .കെ.നായർ യാത്രയായി ആത്മീയചിത്രകാരന് ആദരാജ്ഞലി .....

sdg

-ദിവാകരൻ ചോമ്പാല

ആദരണീയനായ റിട്ടയേര്‍ഡ് കേണല്‍ വി പി കെ നായരുടെ ആത്മീയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി അദ്ദേഹത്തിൻറെ പൂർണ്ണ  സഹകരണത്തോടെ സെപ്‌റ്റംബർ 22 ന് തയ്യാറാക്കിയതായിരുന്നു ഈ വാർത്താക്കുറിപ്പ്.
ആവശ്യമായ ചിത്രങ്ങളും മറ്റ് വിശദ വിവരങ്ങളും നിറഞ്ഞ മനസ്സോടെ കൈമാറിയ കേണൽ വി .പി .കെ .നായർ അടുത്ത ദിവസം സെപ്‌റ്റംബർ 23 ന് എന്നന്നേക്കുമായി ഈ ലോകത്തോട് യാത്ര പറയുകയുണ്ടായി .
കേണൽ വി .പി .കെ .നായർ ജീവിച്ചിരുന്ന സമയത്ത് തയ്യാറാക്കിയ ഈ വാർത്താക്കുറിപ്പ് അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ദുഃഖ സ്‌മൃതികളോടെ  വായനക്കാർക്കായി പങ്കുവെക്കുന്നു  ...... 

 (കേണൽ വി പി കെ നായർ ജനനം 1937 മാർച്ച് 14 --ചരമം 2020 സെപ്റ്റംബർ 23 ) 

രാജ്യത്തിൻറെ ,ജനതയുടെ പൊതു നന്മക്കും സുരക്ഷക്കും കരുതലിനും വേണ്ടി ജീവിതത്തിൻറെ വിലപ്പെട്ട ഓരോ നിമിഷവും ത്യാഗോജ്വലമായ മനസ്സോടെ  ഉഴിഞ്ഞുവെച്ച ധീരദേശാഭിമാനികളായി എണ്ണിപ്പറയാൻ നമുക്കേറെപ്പേരുണ്ട്  .

എന്നാൽ പട്ടാളക്കാരൻറെ യൂണിഫോമിട്ടുകൊണ്ട് രാജ്യസ്നേഹത്തോടൊപ്പം ആത്മീയതയെ മുറുകെപ്പിടിക്കാനും വേദാന്ത പഠനത്തിന് മുതിരുകയും ആചാര്യതലങ്ങളിൽനിന്നുവരെ അംഗീകാരവും അനുഗ്രഹാശിസ്സുകളും പഠനാനന്തര ബഹുമതികളും ഏറ്റു വാങ്ങാനും ഭാഗ്യവുമുണ്ടായ ഇന്ത്യയിലെ ആപൂർവ്വം വ്യക്തികളിൽ ഏറെ ശ്രദ്ധേയനാണ് ഗാന്ധിഭക്തൻ കൂടിയായ റിട്ടയേര്‍ഡ് കേണൽ വി പി കെ നായർ .
രാജ്യസ്നേഹവും ആത്മീയതയും ചിത്ര രചനയും ഇഴചേർത്ത് നെയ്തെടുത്ത വേറിട്ട ജീവിതസംസ്‌കൃതിയുമായി തിരുവനന്തപുരം നെയ്യാറ്റിൻകര കോൺവെൻറ് റോഡിലെ
 സരസ്വതീ വിലാസത്തിൽ റിട്ടയേര്‍ഡ് കേണൽ വി .പി .കെ .നായർ എന്ന വന്ദ്യവയോധികൻ തൻറെ എൺപത്തിനാലാമത്തെ വയസ്സിൻറെ നിറവിലും വിശ്രമജീവിതത്തിനിടയിൽ ചിത്രരചനയിൽ മുഴുകിക്കഴിയുകയായിരുന്നു.

 പോലീസ് സബ്ബ് ഇൻസ്പെക്ടറായിരുന്ന അച്ഛൻെറ  യൂണിഫോമിൻറെ മഹത്വം നെഞ്ചിലേറ്റിക്കൊണ്ടുതന്നെ കോളേജ്‌ വിദ്യാഭ്യാസത്തിന് ശേഷം 1955 ൽ എയർഫോഴ്‌സിൽ ഫ്‌ളൈറ്റ് മെക്കാനിക്കൽ എൻജിനീയറിങ്  വിഭാഗം ടെക്‌നിഷ്യൻ ആയി തുടക്കം .
 ഇന്ത്യൻ പ്രധാന മന്ത്രിജവഹർലാൽ നെഹ്‌റു , വി കെ കൃഷ്‌ണമേനോൻ ,ഡോ .രാധാകൃഷ്‌ണൻ തുടങ്ങിയ അക്കാലത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ  സഞ്ചരിച്ചിട്ടുള്ള വി വി ഐ പി ഫ്‌ളൈറ്റുകളിൽ എയറോ എൻജിൻ ഫിറ്റർ എന്ന നിലയിൽ  ഒപ്പം സഞ്ചരിക്കാനും ഈ നെയ്യാറ്റിൻകരക്കാരൻ മലയാളിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്‌ .
 ഇന്ത്യയിൽ മിസ്സൈൽ ഇല്ലാത്ത കാലത്ത് സോവിയറ്റ് റഷ്യയിൽ നിന്നും മിസ്സൈലുകൾ 
 വാങ്ങാൻ പോയ ഇന്ത്യൻ ഗ്രൂപ്പിലും കേണൽ വി പി കെ നായർ എന്ന മലയാളിയുടെ  നിറസ്സാന്നിധ്യംഏറെ വലുതായിരുന്നു .

മൗണ്ടൻ റജിമെന്റിൻറെ ഭാഗമായി കുതിച്ചുപായുന്ന കുതിരപ്പുറത്തുള്ള കുതിരസ്സവാരിയിലും മികവും മിടുക്കും കാട്ടിയതിന് മേലുദ്യോഗസ്ഥന്മാരുടെ പ്രശംസകളും ഇദ്ദേഹം ഏറ്റുവാങ്ങിയാതായറിയുന്നു.

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് സ്വാമി ചിന്മയാനന്ദജിയുടെ കിൻഡിൽ ലൈഫ്( Kindle Life ) എന്ന പുസ്ഥകം യദൃശ്ചികമായാണ് കേണൽ വായിക്കാനിടയായത് .
 ഒരർത്ഥത്തിൽ കേണലിൻറെ ജീവിതത്തിൽ ശരിക്കും ഒരു വഴിത്തിരിവായിരുന്നു ആ പുസ്‌തകപാരായണം.

 ശരാശരി ഒരു വായനക്കാരൻ എന്നതിലുപരിയായിരുന്നു സ്വാമി ചിന്മയാനന്ദജിയുമായി പിന്നീടുള്ള അദ്ദേഹത്തിൻറെ ബന്ധം .

സ്വാമിജിയുടെ നിർദ്ദേശാനുസരണം വേദാന്തപഠനം തുടരുകയും അദ്ധേഹത്തിൻറെ  അനുഗ്രഹാശിസ്സുകളോടെ പഠനാനന്തര ബഹുമതിയായി സ്വാമിജി കയ്യൊപ്പിട്ട സർട്ടിഫിക്കറ്റും കേണലിൻറെ ശേഖരത്തിൽ ഇന്ന് മുതൽക്കൂട്ടായുണ്ട് .
പട്ടാളത്തിൽ നിന്നും വിരമിച്ചശേഷം തിരുവനന്തപുരം ശിവാനന്ദ ആശ്രമത്തിലെത്തുന്ന വിദേശീയർക്ക് ഇന്ത്യൻ ഫിലോസഫിയും ഹിന്ദുയിസവും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങൾ  നടത്തുന്ന ചുമതലക്കാരനായി കേണൽ വി. പി .കെ .നായർ പിന്നീട് മാറുകയായിരുന്നു  .
ഒപ്പം അവിടെ നിന്നും യോഗാപരിശീനങ്ങളിൽ വൈദഗ്ധ്യം നേടാനും അദ്ദേഹം സമയം കണ്ടെത്തി . 

സമാനതകളില്ലാത്ത ഈ സേവനം ശിവാനന്ദ ആശ്രമത്തിൽ അദ്ധേഹം തുടങ്ങിയിട്ട് 18 വർഷത്തിലധികമായി.
 34 വര്‍ഷങ്ങള്‍ എയര്‍ഫോഴ്‌സിലും കരസേനയിലും രാജ്യത്തിന് വേണ്ടി സേവനം പൂര്‍ത്തിയാക്കിയ കേണല്‍ വി പി കെ നായർ  തൻറെ എണ്‍പത്തി നാലാമത്തെ  വയസ്സിലും ജീവിതം സജീവമാക്കിയിരുന്നത്  നെയ്യാറ്റിൻ കരയിലെ വീടിനോട് ചേർന്നുള്ള ആർട് ഗ്യാലറിയിൽ ചിത്രരചനയിൽ മുഴുകിക്കൊണ്ടായിരുന്നു  .  

 ആത്മീയതയിലൂടെ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അര്‍ത്ഥം കണ്ടെത്തുകയായിരുന്നു വന്ദ്യ വയോധികനായ ഈ വിമുക്തഭടന്‍.
വിമാനത്തിലെ സഞ്ചാരത്തിനിടയിൽ വി കെ കൃഷ്ണമേനോൻറെ രേഖാചിത്രം വരച്ചുനൽകിയതിന് ലഭിച്ച അനുമോദനക്കുറിപ്പും കേണൽ നിധിപോലെ സൂക്ഷിക്കുന്നതായി കണ്ടു   .

ശ്രീശ്രീരവിശങ്കര്‍ജിക്ക് ഉപഹാരമായി നല്‍കാന്‍ വേണ്ടി വരച്ചുതീര്‍ത്ത ചിത്രം ഏറ്റുവാങ്ങാന്‍
അദ്ധേഹത്തിൻറെ പ്രമുഖ ശിഷ്യന്‍ സ്വാമി ജ്യോതിര്‍മയാജി ബാംഗ്ളൂരിൽ നിന്നും നെയ്യാറ്റിൻകരയിലെ തന്റെ വീടിനോട് ചേര്‍ന്ന ആര്‍ട് ഗ്യാലറിയിലെത്തിയത് ജീവിതത്തിലെ അമൂല്യ സന്ദർഭങ്ങളിലൊന്നാണെന്നും കേണല്‍ വി പി കെ ഭക്ത്യാദരവോടെ അനുസ്‌മരിക്കുകയുണ്ടായി  .

 എല്ലാകാലത്തേക്കും തൻറെ ചിത്രങ്ങൾ സംരക്ഷിക്കപ്പെടണമെന്ന കേണൽ വി പി കെ യുടെ ആഗ്രഹം മാനിച്ചുകൊണ്ട് തന്നെ അടുത്ത സുഹൃത്തും ചോമ്പാല സ്വദേശിയുമായ ദിവാകരൻ ചോമ്പാലയുടെ ഇടപെടലിലൂടെ അദ്ദേഹത്തിൻറെ ഇരുപതോളം ചിത്രങ്ങൾ വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആർട് ഗ്യാലറിക്ക് സൗജന്യമായി നേരത്തെതന്നെ സമർപ്പിക്കുകയുണ്ടായി .
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നെയ്യാറ്റിൻകരയിലെത്തി കേണലിൻറെ വീടിനോട് ചേർന്ന ആർട് ഗ്യാലറിയിൽ നടന്ന ലളിതമായ ചടങ്ങിൽ ചോമ്പാൽ ആർട് ഗ്യാലറിക്കുവേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങുകയാണുണ്ടായത് .
തിരുവനന്തപുരത്ത് നടത്തിയ കേണലിൻറെ ചിത്ര പ്രദര്‍ശനം കാണാനായെത്തിയ വിദേശികള്‍ ഒന്നര ലക്ഷം രൂപ വിലനല്‍കാന്‍ തയ്യാറായിട്ടും കലയെ കച്ചവടമാക്കാന്‍ തയ്യാറല്ലാത്ത ആര്‍ട്ടിസ്റ്റ് കേണല്‍ വി പി കെ ആസ്വാദകരുടെ ആവശ്യം സ്നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത് .

പ്രസ്തുത ചിത്രങ്ങളും ചോമ്പാല ആര്‍ട് ഗ്യാലറിയിലേക്ക് സൗജന്യമായി നൽകിയവയിൽ പെടുന്നു.

‘ആത്മീയതയുടെ ചിത്രഭാഷ്യം ‘‘എന്ന് വിശേഷിപ്പിക്കാവുന്ന ആർട്ടിസ്‌റ് വി പി കെ നായരുടെ അത്യമൂല്യ ചിത്ര ശേഖരത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് ചോമ്പാലയിലെ ആർട് ഗാലറിക്കായി അദ്ദേഹം സൗജന്യമായി നൽകിയത് .

രാമായണത്തിലെ വിവിധ സന്ദർഭങ്ങൾ ആസ്‌പദമാക്കിയുളള ചിത്രങ്ങൾക്കൊപ്പം ശിവൻറെ കോസ്‌മിക്‌ നൃത്തം, ശങ്കരകൃതികളുടെ ചിത്രവ്യാഖ്യാനം, കുണ്ഡലിനി യോഗ പരമ്പരയിലെ വ്യത്യസ്ഥ ചിത്രങ്ങൾ, ബ്രഹ്മവിദ്യ, ലളിത സഹസ്രനാമത്തിൻറെ ചിത്രരൂപം, നചികേതസ്സ് ഉൾപ്പെടുന്ന കഠോപനിഷത്ത് എന്നിങ്ങിനെ പോകുന്നു അദ്ധേഹത്തിൻറെ ചിത്ര ഭാഷ്യം .
ആർട്ടിസ്റ് വി പി കെ നായരുടെ ആധ്യാത്മിക വർണ്ണചിത്രങ്ങളുടെ ചിത്രപ്രദർശനം മലബാർ മേഖലയിൽ ആദ്യമായാണ് ചോമ്പാല ആർട് ഗ്യാലറിയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്നത്.
അന്നേ ദിവസം ചിത്രപ്രദർശനം ഉത്‌ഘാടനം ചെയ്‌തതാവട്ടെ ഇന്ന് നമ്മോടോപ്പമില്ലാതെ എന്നന്നേക്കുമായി വേർപെട്ടുപോയ ലോകപ്രശസ്‌ത ചിത്രകാരൻ സദു അലിയുർ ,
ഇതിനകം ഡൽഹിയിലും തിരുവനന്തപുരത്തും പലതവണയായി കേണൽ വി പി കെ യുടെ ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിട്ടുമുണ്ട് .

താൻ വരച്ച ചിത്രങ്ങളുടെ ആദ്യത്തെ ആസ്വാദകയും വിമർശകയും എല്ലാം പ്രിയ പത്‌നി
സരസ്വതി .കെ .നായർ തന്നെയാണെന്നും കേണൽ സരസമായി സമ്മതിക്കുകയുണ്ടായി
കമ്പ്യുട്ടർ എൻജിനീയറായി ജോലിനോക്കുന്ന മനോജ് നായരാണ് മകൻ .
ആർമിയിൽ റിട്ട .മേജർ ജനറൽ വിജയകുമാറിൻറെ ഭാര്യ നീനാവിജയകുമാർ മകൾ .
ആർട്ടിസ്റ് വി പി കെ നായരുടെ ചെറുതും വലുതുമായ നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിൻറെ വീടിനോട് ചേർന്ന ആർട് ഗ്യാലറിയിലുണ്ട്. ഈ ചിത്രങ്ങൾക്ക് ന്യായമായ വിലനൽകാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ലഭിക്കുന്ന തുക മുഴുവനും സാധുജനനന്മക്കായി നീക്കിവെക്കുന്നതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും കലയെ കച്ചവടക്കണ്ണുകൊണ്ട്‌ കാണാൻ അശേഷം ഇഷ്ടമില്ലാതിരുന്ന വേറിട്ട മനസ്സുള്ള വന്ദ്യവയോധികനായ ചിത്രകാരൻ കേണൽ വി പി കെ നായർ തൻ്റെ ആഗ്രഹം നേരത്തെ പങ്കുവെക്കുകയുണ്ടായി .

താൽപ്പര്യമുള്ള വ്യക്തികൾ , സംഘടനകൾ ,സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ബന്ധപ്പെടാവുന്നതാണ് .ബന്ധപ്പെടാവുന്ന ഫോൺ നമ്പർ -9020723595 ,0471-2222652.


English Summary: Retired kennel dies kjarsep2620

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine