മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി പ്രകാരം 150 തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാക്കുമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജനത്തിന്റെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവം മുതല്‍ വേമ്പനാട്ടു കായല്‍ വരെയുളള ഭാഗം കയര്‍ ഭൂ വസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് ഇല്ലിക്കലില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ സംയോജന പദ്ധതി കോട്ടയം ജില്ലക്ക് മാത്രമല്ല സംസ്ഥാനത്തിനു തന്നെ മാതൃകയാണ്. നദികളും തോടുകളും മാലിന്യ വാഹിനിയായതാണ് പല പകര്‍ച്ച വ്യാധികളും തിരിച്ചു വരാന്‍ കാരണം. മാലിന്യ വാഹിയായ നദികള്‍, തോടുകള്‍ എന്നിവ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. പ്ലേഗ് പൊട്ടിപ്പുറപ്പെട്ട സൂറത്ത് നഗരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുളള നഗരമാണ്. അവിടെ അതു സാധിക്കുമെങ്കില്‍ കൊച്ചു കേരളം പൂര്‍ണ്ണമായി മാലിന്യ വിമുക്തമാക്കാന്‍ നമുക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. തൊഴില്‍ ഉറപ്പ് പദ്ധതി പ്രോജക്ട് സമര്‍പ്പണം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി നിര്‍വ്വഹിച്ചു. ആഫിക്കന്‍ പായല്‍ തടയാനുളള പദ്ധതികളുടെ സമര്‍പ്പണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്‌നമോള്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. മൈക്കിള്‍, ശുചിത്വമിഷന്‍ എ.ഡി.സി. ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹനന്‍, എം. കെ. പ്രഭാകരന്‍, അഡ്വ. ജി. ഗോപകുമാര്‍, കെ.ഐ. കുഞ്ഞച്ചന്‍, പി.എ. അബ്ദുള്‍ കരീം, എം.എസ്. ബഷീര്‍, സനിത അനീഷ്, എം.എം. ഖാലിദ്, സുഭഗ പി.ആര്‍, റൂബി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്സി നൈനാന്‍ സ്വാഗതവും കയര്‍ പ്രോജക്ട് ഓഫീസര്‍ സുധാ വര്‍മ്മ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'കയര്‍ ഭൂവസ്ത്രം- പ്രയോഗ വഴികള്‍' എന്ന വിഷയത്തില്‍ സെമിനാറും നടന്നു.
Photos - മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജനത്തിന്റെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവം മുതല്‍ വേമ്പനാട്ടു കായല്‍ വരെയുളള ഭാഗം കയര്‍ ഭൂ വസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കലില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. നിര്‍വ്വഹിച്ച് സംസാരിക്കുന്നു.
CN Remya Chittettu Kottayam, #KrishiJagran
Share your comments