മലപ്പുറം: ജില്ലയിലെ ഏഴ് പ്രധാന നദികളുടെ സംരക്ഷണത്തിന് ജില്ലാപഞ്ചായത്ത് ദേശീയ ബാംബൂ മിഷനുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കും. പ്രധാന നദികളായ ഭാരതപുഴ, ചാലിയാര്‍, കടലുണ്ടിപുഴ, തിരൂര്‍പുഴ, ഒലിപുഴ, തൂതപുഴ എന്നിവയുടെ തീരങ്ങളിലാണ് മുളവെച്ച് പിടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുക. ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍-ജീവനോപാധി നല്‍കുന്നതിനുമായി ഒരു സമഗ്ര പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കും.
ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പ്രൊജക്ട് ഡയറക്ടറുമായ പി.ജി. വിജയകുമാര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍, ഡോക്ടര്‍ മുരളീധരന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കെ.എഫ്.ആര്‍.ഐ, ബാംബൂ മിഷന്‍ പ്രൊജക്റ്റ് പ്രൊപ്പഗേറ്റര്‍ ഇ. ശിവദാസ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ എന്‍.കെ ദേവകി എന്നിവര്‍ പങ്കെടുത്തു.
Share your comments