1. ഗ്യാസ് കണക്ഷന്റെ പേരിൽ ഉപഭോക്താക്കളെ കൊള്ളയടിച്ച് എണ്ണക്കമ്പനികൾ. പുതിയ കണക്ഷനെടുക്കുമ്പോൾ ഒരു സിലിണ്ടറിന് 4300 രൂപയും രണ്ട് സിലിണ്ടറിന് 7600 രൂപയുമാണ് അടയ്ക്കുന്നത്. ഇത് ഗ്യാസിന്റെ വിലയ്ക്ക് അനുസരിച്ച് മാറും. അടുത്തിടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 750 രൂപയായി വർധിപ്പിച്ചു. ഇതോടെ 1450 രൂപയായിരുന്ന ഡെപ്പോസിറ്റ് 2200 രൂപയായി വർധിച്ചു. 800 രൂപ ഡെപോസിറ്റ് ആയിരുന്ന അഞ്ച് കിലോഗ്രാം സിലിണ്ടറിന് 1150 രൂപയായും വർധിച്ചു. ഇതിനുപുറമെ ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിരിക്കുകയാണ്. 150 ആയിരുന്ന റെഗുലേറ്ററുകളുടെ വില 250 ആയി വർധിച്ചു. റെഗുലേറ്റർ നിർബന്ധമായും വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. ഒരു കോടിയോളം പാചക വാതക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. കേന്ദ്ര സബ്സിഡി നിർത്തലാക്കിയതും വില വർധനവിനും ഇടയിൽ നട്ടം തിരിയുകയാണ് ജനങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്..കൂടുതൽ കൃഷി വാർത്തകൾ
2. കൃഷി, ടൂറിസം മേഖലകളിലെ പ്രവർത്തനങ്ങളിൽ കേരളവുമായി സഹകരിക്കുമെന്ന് ഇസ്രയേൽ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ ഹെയിം ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള സഹകരണം നിശ്ചയിക്കുമെന്ന് കോൺസുൽ ജനറൽ ഉറപ്പുനൽകി. മൂല്യവർധിത കാർഷികോല്പന്നങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ തുടരാമെന്നും കോൺസുൽ ജനറൽ അറിയിച്ചു.
3. മണ്ണിനുമീതെയുള്ള കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാകാത്ത കുറ്റകൃത്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ലോക മണ്ണ് ദിനാഘോഷ സമാപന സമ്മേളനവും മണ്ണാരോഗ്യ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ണ് സംരക്ഷണ വകുപ്പും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യ ജീവിതത്തിൽ ഏറ്റവുമധികം ഇടപെടലുകൾ നടത്തുന്ന ഒന്നാണ് മണ്ണ്. മണ്ണിനെ എല്ലാവിധ പ്രാധാന്യത്തോടെയും സംരക്ഷിക്കണമെന്നും ഭക്ഷണത്തിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കുന്നത് മണ്ണിൽ നിന്നു തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഡയറക്ടറായി ഡോ. ആര്‍ ദിനേശ് ചുമതലയേറ്റു. 30 വര്‍ഷത്തിലേറെ ഗവേഷണ പരിചയമുള്ള അദ്ദേഹം സോയില്‍ സയന്‍സിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത, മണ്ണിന്റെ ജൈവരസതന്ത്രം, ഉഷ്ണമേഖലാ വനങ്ങള്‍ക്ക് കീഴിലുള്ള മണ്ണ്, കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകള്‍ എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
5. ദക്ഷിണേന്ത്യയിലെ മികച്ച സ്വയം സഹായ കൂട്ടായ്മയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി കാസര്‍കോട് പനത്തടി സിഡിഎസ്. നബാര്‍ഡിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റിയുടെ എസ്എച്ച്ജി ഫെഡറേഷൻസ് അവാര്‍ഡാണ് കുടുംബശ്രീക്ക് ലഭിച്ചത്. 320 ഓളം സ്വയം സഹായ സംഘങ്ങളോട് മത്സരിച്ചാണ് പനത്തടി സിഡിഎസ് നേട്ടം സ്വന്തമാക്കിയത്. കൃഷി, മൃഗസംരക്ഷണം, ലോൺ തിരിച്ചടവ്, ചെറുകിട വ്യവസായം, അയല്‍ക്കൂട്ടം, ട്രൈബല്‍ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നിശ്ചയിച്ചത്.
6. നെൽവയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം ലഭിക്കും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ നിരക്കിലാണ് റോയൽറ്റി നൽകുന്നത്. കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. നെൽവയലുകൾ സംരക്ഷിക്കുന്ന ഉടമകൾക്കാണ് സാധാരണ റോയൽറ്റി നൽകുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്കും, കൃഷിയിടത്തിൽ മാറ്റം വരുത്താതെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യുന്ന നില ഉടമകൾക്കും റോയൽറ്റിക്ക് അർഹതയുണ്ട്. റോയൽറ്റി ലഭിക്കാൻ നടപ്പ് സാമ്പത്തിക വർഷത്തെ നികുതി രസീത് അല്ലെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം കൃഷി ഭവനിൽ അപേക്ഷ നൽകണം.
7. പരമ്പരാഗത പൊക്കാളി കൃഷിയിൽ വിജയം കൊയ്ത് ഞാറക്കൽ കൃഷി ബ്ലോക്ക്. 126 ഹെക്ടറിൽ നടത്തിയ കൃഷിയിൽ ആകെ 114 ടൺ നെല്ല് ഉത്പാദിപ്പിക്കാൻ സാധിച്ചു. 52 ലക്ഷം രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് കൃഷി ചെയ്തത്. ആലുവ സ്റ്റേറ്റ് സീഡ് ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി പ്രഖ്യാപിച്ച ചടങ്ങിൽ വൈപ്പിൻ കരയുടെ സ്വന്തം പൊക്കാളി നെല്ലിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
8. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓച്ചിറ ബ്ലോക്കിൽ പച്ചക്കറി കൃഷിക്ക് തുടക്കം. കുലശേഖരപുരം പഞ്ചായത്ത് കോട്ടക്കുപുറം രണ്ടാം വാർഡിൽ പച്ചക്കറി തൈകൾ നട്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കതീർ, കൃപ, ശ്രീകർണകി എന്നീ ഗ്രൂപ്പുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.
9. മുക്കം നഗരസഭ കുടുംബശ്രീ, സംഘകൃഷി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവം’22 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷിയിൽ താൽപര്യമുള്ള അയൽക്കൂട്ട വനിതകളെ ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പുകളാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ അഥവാ സംഘകൃഷി ഗ്രൂപ്പുകൾ.
10. കോട്ടയം കൂരോപ്പട ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെ വീതം ആദ്യഘട്ടത്തിൽ 780 പേർക്കാണ് വിതരണം ചെയ്തത്. 980 പേർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കും.
11. സംരംഭകർക്കായി തൃശൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചക്ക, മാങ്ങ, പൈനാപ്പിൾ, നേന്ത്രപഴം എന്നിവ സംഭരിച്ച് വിപണനം നടത്തുന്നതിന് വേണ്ട സംരംഭങ്ങൾ സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. കാർഷിക സർവ്വകലാശാല അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിലെ അഗ്രി -ബിസിനസ് ഇൻക്യുബേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ സംഘങ്ങൾക്ക് 1 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പയായി നൽകുന്നുണ്ട്.
12. കോഴിക്കോട് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ മികവ് പദ്ധതിക്ക് തുടക്കം. കമ്പോസ്റ്റ്, സോക്ക് പിറ്റ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാലിത്തൊഴുത്ത്, കോഴിക്കൂട്, അസോള ടാങ്ക്, വർക്ക് ഷെഡ് എന്നീ പ്രവൃത്തികളാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നടക്കുക. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും കമ്പോസ്റ്റ്, സോക്ക് പിറ്റ് എന്നിവ സൗജന്യമായി നിർമ്മിച്ചു നൽകും.
13. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക പ്രദർശനമായ കിസാൻ മേളയ്ക്ക് ഇന്ന് തുടക്കം. പൂനെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഈ മാസം 18 വരെയാണ് മേള നടക്കുക. രാവിലെ 9 മണി മുതൽ 5 വരെയാണ് പ്രദർശന സമയം. 400 ലധികം പ്രദർശകർ അണിനിരക്കുന്ന മേളയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്ര കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. പരിപാടിയിൽ കൃഷി ജാഗരണും പങ്കാളിയായി.
14. പതിനായിരം പേർക്ക് തൊഴിലവസരമൊരുക്കി ദുബായിൽ അഗ്രി ടൂറിസം കേന്ദ്രം വരുന്നു. കൃഷി, വിനോദ സഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്. യുആർബി കമ്പനിയാണ് അഗ്രിഹബ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇതോടെ ലോകത്തിലെ മികച്ച ഗ്രാമീണ സന്ദർശക കേന്ദ്രമായി ദുബായ് മാറുമെന്ന് യുആർബി അധികൃതർ അറിയിച്ചു.
15. കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കർണാടക തീരത്തുനിന്നും ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് മാറി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ദുർബലമാകുമെങ്കിലും ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Share your comments