സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കാവുന്ന സമ്പാദ്യമാണ് സ്വർണം (Gold). അത്യാവശ്യഘട്ടങ്ങളിൽ പണയം വച്ചോ വിറ്റോ സ്വർണം പ്രയോജനപ്പെടുത്താം. എളുപ്പത്തിൽ ലഭിക്കുന്ന, അതുപോലെ ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കാവുന്ന സ്വർണ വായ്പകൾ (Gold loans) സാധാരണക്കാർക്ക് വളരെ പ്രയോജനകരമാണ്. ഇത്തരത്തിൽ സ്വർണാഭരണങ്ങൾക്കായി നിരവധി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ അനുവദിക്കുന്നുണ്ട്.
പലിശ കുറവുള്ള സ്വർണവായ്പകൾ നൽകുന്ന സ്ഥാപനങ്ങൾ അന്വേഷിക്കുകയാണെങ്കിൽ അതിന് മികച്ച ഓപ്ഷനാണ് കെഎസ്എഫ്ഇ (KSFE).
വിപണിയിൽ നിലവിലുള്ളതിനേക്കാൾ ഏറ്റവും കുറവ് ശതമാനം പലിശയിൽ സ്വർണ പണയ വായ്പ ലഭിക്കുന്നു എന്നതിനാൽ മിക്കവരും കെഎസ്എഫ്ഇയെ ആശ്രയിക്കുന്നു. 4.9 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ ഇവിടെ നിന്ന് വായ്പ നേടാം എന്നത് ശരിക്കും ആകർഷണമായ ഓഫറാണ്. ഇത്തരത്തിൽ കെഎസ്എഫ്ഇയിൽ നിന്നും മികച്ച സ്വർണവായ്പകൾ ലഭ്യമാണ്. അവ വിശദമായി അറിയാം.
ജനമിത്രം ഗോള്‍ഡ് ലോണ്‍ (Janamitram Gold Loan)
കെഎസ്എഫ്ഇയുടെ വായ്പയാണ് ജനമിത്രം ഗോള്‍ഡ് ലോണിൽ തുച്ഛമായ പലിശയാണ് ഈടാക്കുന്നത്. 4.9 ശതമാനമാണ് പലിശ നിരക്ക്. സ്വർണാഭരണങ്ങൾക്ക് 10 ലക്ഷം രൂപ വരെയാണ് തുക ലഭിക്കുന്നത്. വായ്പയുടെ കാലാവധി ഒരു വർഷമാണ്. ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടവ് നടത്താവുന്നതാണ്. മാത്രമല്ല, ഒരു വർഷം കാലാവധിയ്ക്കുള്ളിൽ വായ്പ എടുത്ത തുക അടച്ചു തീര്‍ക്കാം.
കെഎസ്എഫ്ഇ ഗോള്‍ഡ് ലോണ്‍ (KSFE Gold Loan)
കെഎസ്എഫ്ഇയുടെ സാധാരണ സ്വർണ പണയ വായ്പയും ഗുണഭോക്താക്കൾക്ക് ആകർഷകമായ ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. 25 ലക്ഷം രൂപ വരെ വായ്പ എടുക്കാനാകും. എന്നാൽ തുകയുടെ അടിസ്ഥാനത്തിലാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്. 1 വർഷമാണ് വായ്പയുടെ കാലാവധി. കുറഞ്ഞ പലിശയിൽ പരമാവധി തുക വായ്പ ലഭിക്കും.
അജയ്യ ഗോള്‍ഡ് ലോണ്‍ (Ajaya Gold Loan)
വനിതകള്‍ക്ക് മാത്രമായുള്ള അജയ്യ സ്വര്‍ണ പണയ വായ്പയിലൂടെ 50,000 രൂപ വരെ വായ്പ ലഭിക്കും. 6.50 ശതമാനമാണ് പലിശ നിരക്ക്. 6 മാസമാണ് വായ്പയുടെ കാലാവധി. 6 മാസത്തിനുള്ളിൽ വായ്പ അടച്ചു തീര്‍ക്കാതെ വന്നാൽ 9.00 ശതമാനം പലിശ ഈടാക്കുന്നതാണ്. എന്നാൽ ഈ വായ്പ 2022 നവംബര്‍ 30 വരെയാണ് ലഭ്യമാവുക.
ബന്ധപ്പെട്ട വാർത്തകൾ: സ്വർണവില ഉയരുമ്പോൾ GOLD ETF നിക്ഷേപം ലാഭകരമാണ്; എന്തുകൊണ്ട്?
സ്വർണമായി മാത്രമല്ല, പണം നിക്ഷേപം നടത്തിയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനം കെഎസ്എഫ്ഇയിലുണ്ട്. വായ്പയെടുക്കാതെ വിവാഹ ആവശ്യങ്ങളും വീട് നിർമാണവും മക്കളുടെ വിദ്യാഭ്യാസവും തുടങ്ങി നിരവധി ആവശ്യങ്ങൾ നിറവേറ്റുന്നതിന് കെഎസ്എഫ്ഇയുടെ ചിട്ടികൾ പ്രയോജനപ്പെടുത്താം.
ഇതിന് പുറമെ, സ്ഥാപനത്തിന്റെ വിശ്വസ്ത ഇടപാടുകാർക്ക് കെഎസ്എഫ്ഇ വായ്പകളും നൽകുന്നുണ്ട്. 25 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ ലഭിക്കും. ഓണ്‍ലൈനായും ഇവ തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്.
Share your comments