ചെറുകിട ജലസേചന മേഖലയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ മലപ്പുറം ജില്ലയിൽ പൂര്‍ത്തീകരിച്ചത് 1.25 കോടി രൂപയുടെ പദ്ധതികള്‍. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1.25 കോടി രൂപയുടെ ഭരണാനുമതി നേടിയെടുത്താണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. നോണ്‍ പ്ലാന്‍ ഇനത്തില്‍ 26 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും നേടി. ഇതില്‍ 17 എണ്ണവും പൂര്‍ത്തിയാക്കി. മറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.പി. ബാലകൃഷ്ണന്‍ പറഞ്ഞു.
ചെറുകിട ജലസേചന മേഖലയിലെ പ്രധാന പദ്ധതികൾ
ഹരിത കേരളം, എസ്.ഡി.ആര്‍.എഫ്, ലിഫ്റ്റ് ഇറിഗേഷന്‍, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, തോടുകളുടെ സംരക്ഷണം, റഗുലേറ്ററുകളുടെ പരിപാലനം തുടങ്ങിയവയാണ് ചെറുകിട ജലസേചന വകുപ്പിന് കീഴില്‍ നടപ്പാക്കിയ പ്രധാന പദ്ധതികള്‍.
വിവിധ ഗ്രാമപഞ്ചായത്തുകളിലായി എം. ഐ ക്ലാസ്-രണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി 1.20 കോടി രൂപയുടെ വി.സി.ബി നിര്‍മാണ പ്രവൃത്തികള്‍ നടത്തി. കൊണ്ടോട്ടി നഗരസഭയിലെ ചിറയില്‍ വി.സി.ബി, എടവണ്ണ പഞ്ചായത്തിലെ തോട്ടിങ്ങല്‍ പാടം വി.സി.ബി, പുലാമന്തോള്‍ പഞ്ചായത്തിലെ കുറുവമ്പലന്തോട് വി.സി.ബി, വെളിയങ്കോട് പഞ്ചായത്തിലെ ചെങ്കല്‍താഴം തോട് എസ്.ഡബ്ല്യു.ഇ വി.സി.ബി, പുല്‍പ്പറ്റ പഞ്ചായത്തിലെ മോങ്ങം ചെറുവത്തൂര്‍ തോട് വി.സി.ബി കം ട്രാക്ടര്‍ ബ്രിഡ്ജ്, മഞ്ചേരി നഗരസഭയില്‍ കാക്കതോടിന് കുറുകെ നെല്ലിക്കുത്ത് വാഴങ്കട വി.സി.ബി എന്നിവയാണ് പൂര്‍ത്തിയാക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന കിടിലം പദ്ധതികൾ
തവനൂര്‍ പഞ്ചായത്തിലെ മാത്തൂര്‍ അക്വഡറ്റ് കം ബ്രിഡ്ജ്, മദിരിശ്ശേരി എല്‍.ഐ സ്‌കീം, പുലാമന്തോള്‍ പഞ്ചായത്തിലെ രാമഞ്ചാടി എല്‍.ഐ സ്‌കീം എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ജില്ലയിലെ കാര്‍ഷിക ജലസേചന മേഖലയില്‍ കാര്യമായ ഉണര്‍വാണുണ്ടാക്കിയത്.
ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവഴിച്ച് നിരവധി കുളങ്ങളും തോടുകളും നവീകരിച്ച് ജലസേചന യോഗ്യമാക്കി. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ വിവിധ പഞ്ചായത്തുകളിലായി 410 ലക്ഷം രൂപയുടെ 17 പദ്ധതികളും നടപ്പാക്കി. 79 ലക്ഷം രൂപ ചെലവഴിച്ച് വിവിധ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചിട്ടുമുണ്ട്.
എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് എല്ലാ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും കനാലുകളും അറ്റകുറ്റപ്പണി നടത്തി കാര്‍ഷിക ജലസേചനത്തിന് ഉപയോയോഗ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കഴിഞ്ഞതായും ഇത് കാര്‍ഷിക മേഖലക്ക് ഉണര്‍വേകിയതായും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.പി. ബാലകൃഷ്ണന്‍ പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ പാറയില്‍ വി.സി.ബി കം ബ്രിഡ്ജ്, മാറഞ്ചേരി പഞ്ചായത്തിലെ മടത്തില്‍ തോട് ഉപ്പുവെള്ള പ്രതിരോധ വി.സി.ബി, തവനൂര്‍ പഞ്ചായത്തിലെ കരിയമ്പാട്ടുതാഴം എല്‍.ഐ സ്‌കീം, കുറ്റിപ്പുറം പഞ്ചായത്തിലെ മാപ്ലായ വി.സി.ബി, മൂര്‍ക്കനാട് പഞ്ചായത്തിലെ പോത്തുള്ളിചിറ വി.സി.ബി, മോതിക്കയം എല്‍.ഐ സ്‌കിം തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ കാര്‍ഷിക ജലസേചന മേഖല കാര്യമായ ഊര്‍ജവും ഉണര്‍വും കൈവരിക്കും.
വന്‍കിട ജലസേചന പദ്ധതികളോ ഡാമുകളോ നിലവിലില്ലാത്ത ജില്ലയില്‍ അന്‍പതോളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും ആറ് പ്രധാന റഗുലേറ്ററുകളുമാണ് ജലസേചന-കുടിവെള്ള വിതരണത്തിന് പ്രധാന സ്രോതുകളായി ആശ്രയിക്കുന്നത്. ഇതുകൂടാതെ, ഏതാനും തടയണകളും ചെറുതും വലുതുമായ ഒട്ടേറെ വി.സി.ബികളും ഉപയോഗിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വാർത്തകൾ - ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്, വിവിധയിടങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ
കൃഷിഭൂമികള്‍ ജലസേചനത്തിന് ഉപയോഗിക്കാവുന്ന വിധത്തില്‍ ജല സ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുകയും ഒഴുക്കിനെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒട്ടനവധി പ്രവൃത്തികളാണ് ജില്ലക്ക് അഭിമാനമാകുന്ന വിധത്തില്‍ നടന്നു വരുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Share your comments