എറണാകുളം ജില്ലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് എറണാകുളം ജില്ലാ കുടുംബശ്രീ മിഷൻ. വിവിധ തലങ്ങളിലായി 33,06,07,544 രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ വർഷം ജില്ലാതലത്തിൽ നടപ്പാക്കിയത്.
സംഘടനാ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ത്രിതല സംഘടനാ തെരഞ്ഞെടുപ്പ്, 2,363 യൂണിറ്റുകൾക്ക് പലിശ സബ്സിഡി, മാച്ചിംഗ് ഗ്രാന്റ്, റിവോൾവിംഗ് ഫണ്ട് ഉൾപ്പെടെ 12,92,07,045 രൂപയാണ് കഴിഞ്ഞ വർഷം ചെലവഴിച്ചിട്ടുള്ളത്. ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായം കുടുംബശ്രീ നൽകിവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വാർത്തകൾ - ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്, വിവിധയിടങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ
കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് 2,621 വ്യക്തിഗത സംരംഭങ്ങളും 747 ഗ്രൂപ്പ് സംരംഭങ്ങളും തനത് പദ്ധതി പ്രകാരം 58 സംരംഭങ്ങളും തുടങ്ങാനായി ജില്ലാ കുടുംബശ്രീ മിഷൻ 2,20,00,000 രൂപ നൽകി. കൂടാതെ 114 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തൊഴിലധിഷ്ഠിത പരിശീലനങ്ങളും ജില്ലയിൽ നൽകിവരുന്നു. ഈ പദ്ധതികൾക്കായി ആകെ 6,13,35,282 രൂപയാണ് വിനിയോഗിച്ചത്. സംരംഭ പ്രവർത്തനങ്ങൾക്കായി ആകെ 8,33,35,282 രൂപയാണ് കഴിഞ്ഞ വർഷം ചെലവഴിച്ചത്.
ജില്ലയിലെ വിവിധ സംരംഭങ്ങൾക്കുള്ള മാർക്കറ്റിംഗ് പിന്തുണയുടെ ഭാഗമായി നിരവധി പദ്ധതികളാണ് നടത്തുന്നത്. മാസച്ചന്ത, ഓണം - ക്രിസ്മസ് ചന്തകൾ, ഓൺലൈൻ മാർക്കറ്റുകൾ, പിങ്ക് കഫെ തുടങ്ങിയ വ്യത്യസ്തമായ പദ്ധതികൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഇതിനായി 60,42,068 രൂപ ചെലവഴിച്ചു.
പട്ടികവർഗ സുസ്ഥിര വികസനത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷം 7,66,262 രൂപ ജില്ലാ മിഷൻ ചെലവഴിച്ചു. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കായിക പരിശീലനം തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
സാമൂഹികക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളാണ് ജില്ലാ മിഷൻ നടത്തിവരുന്നത്. ഭിന്നശേഷിക്കാർക്കായി കലാ കായിക പരിശീലനങ്ങൾ, ബാലസഭയിലെ കുട്ടികൾക്കായി കലാമേള, കായികമേള, ഓണാഘോഷം, ബഡ്സ് സ്കൂൾ കുട്ടികൾക്കായി കലാമേള, ഓണാഘോഷം തുടങ്ങിയവ കുടുംബശ്രീ കഴിഞ്ഞ വർഷം നടത്തി. ഇതിനായി 4,02,22,089 രൂപ ചെലവഴിച്ചു. മാതൃകാപരമായ നിരവധി ജെൻഡർ ഡവലപ്മെന്റ് പദ്ധതികളാണ് ജില്ലാ മിഷൻ നടത്തി വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Fisheries Scheme: മത്സ്യകൃഷിയിൽ 60 ശതമാനം വരെ സബ്‌സിഡി, PM Matsya Sampada Yojana ആനുകൂല്യങ്ങളുടെ വിശദവിവരങ്ങൾ
ഗാർഹിക പീഡനം നേരിട്ട വനിതകൾക്ക് പിന്തുണ നൽകുന്ന സ്നേഹിത പദ്ധതി, സ്ത്രീധനത്തിനെതിരായ സ്ത്രീപക്ഷ നവകേരളം പദ്ധതി, കൗൺസിലിങ്, ജൻഡർ റിസോഴ്സ് സെൻ്ററുകൾ, വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ക്രൈം മാപ്പിംഗ് പ്രാരംഭ പ്രവർത്തനങ്ങൾ, ഫാമിലി ലൈഫ് എജ്യൂക്കേഷൻ, 'ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം' - പ്രത്യേക ക്യാമ്പയിൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൻഡർ ക്ലബുകൾ തുടങ്ങിയ പദ്ധതികൾ ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 1,26,53,005 രൂപ വിനിയോഗിച്ചു.
കാർഷിക ഉപജീവന മേഖലയിലും മൃഗസംരക്ഷണ മേഖലയിലും 3,05,60,209 രൂപയുടെ പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പാക്കി. കൂടാതെ സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭക പദ്ധതി, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന, യുവകേരളം പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും ജില്ലാ കുടുംബശ്രീ മിഷൻ നടത്തുന്നുണ്ട്. 2,78,21,584 രൂപ ഈ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു.
Share your comments