1. 13 ഇനം അവശ്യ സാധനങ്ങളുൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി 34.29 കോടി രൂപ അനുവദിച്ചു; ഓണക്കിറ്റ് വിതരണം സെപ്തംബർ ആദ്യവാരം ആരംഭിക്കും. മഞ്ഞക്കാർഡുകാർ, ക്ഷേമ സ്ഥാപനങ്ങളിലുള്ളവർ, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതപ്രദേശത്തെ റേഷൻ കാർഡുടമകൾ എന്നിവർക്ക് സൗജന്യമായി ഓണക്കിറ്റ് നൽകാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. റേഷൻകടകൾ മുഖേനയായിരിക്കും വിതരണം. ഇതിന്റെ മുന്നോടിയായി 34.29 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. 13 ഇന സാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടുന്നതായിരിക്കും ഒരു ഓണക്കിറ്റ്. വിതരണോദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്ത് സപ്ലൈകോ ഓണവിപണികൾ സെപ്റ്റംബർ ആറുമുതലായിരിക്കും ആരംഭിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2. ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മുഹമ്മ ഗവൺമെന്റ് സംസ്‌കൃത സ്‌കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിന് മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ഫലപുഷ്പ കൃഷിക്കായി ഈ വർഷം നീക്കിവച്ചിട്ടുള്ള 18 കോടി രൂപയിൽ ഫലവർഗ കൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാന വികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. ഫല വർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുക, അതുവഴി പോഷക സമൃദ്ധിയെലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
3. സംസ്ഥാനത്ത് ഇന്നു മുതൽ 29-ാം തീയതി വരെ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 30-ാം തീയതി മുതൽ സെപ്‌തംബർ 9 വരെ എല്ലാ ജില്ലയിലും മഴ ലഭിക്കുമെങ്കിലും ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കുറവാകാനാണ് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനുമുകളിലെ ചക്രവാതച്ചുഴി മധ്യ, കിഴക്കൻ അറബിക്കടലിൽ കർണാടക, -ഗോവ തീരത്തിനുമുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചനങ്ങൾ നിലനിൽക്കുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടത്തരം മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനി, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കാലവർഷക്കാറ്റ് സജീവമാകും. ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Share your comments