ടയർ കമ്പനികളുടെ അസംസ്കൃത വസ്തുക്കളുടെ ഉപഭോഗം കുറഞ്ഞതിനാൽ പ്രകൃതിദത്ത റബ്ബർ കർഷകർ പ്രതിസന്ധിയിൽ. റബ്ബറിൻ്റെ ആവശ്യകത കുറഞ്ഞതോടെ വൻ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ ടയർ കമ്പനികൾ പ്രകൃതിദത്ത റബ്ബർ സംഭരണത്തിൽ 50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടയർ വ്യവസായത്തിലെ പ്രതിമാസ ശരാശരി റബ്ബർ ഉപഭോഗം 55,000-60,000 ടൺ വരെയാണ്. ഇതിൽ 30,000 ടൺ ഇറക്കുമതിയിൽ നിന്നും ബാക്കി ആഭ്യന്തര വിപണിയിൽ നിന്നുമാണ് ലഭിക്കുന്നത്.
ഉപഭോഗം കുറഞ്ഞതിനാൽ ആർഎസ്‌എസ് IV ഗ്രേഡുകൾക്ക് കിലോയ്ക്ക് 134 രൂപയാണ് വില. സാമ്പത്തിക മാന്ദ്യ പ്രവണത മൂലമാണ് റബ്ബറിന്റെ ആവശ്യകത കുറഞ്ഞതെന്ന് ഇൻഫാം (ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ്) പ്രസിഡന്റ് പിസി സിറിയക് പറഞ്ഞു.അതേസമയം, ഏപ്രിൽ മുതൽ ജൂലൈ വരെ ഉൽപാദനത്തിൽ 6.4 ശതമാനം വളർച്ചയുണ്ടായതായി റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. ജൂലൈയിലെ ഉത്പാദനം 60,000 ടണ്ണായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 46,000 ടണ്ണായിരുന്നു. മഴക്കാലത്തും തടസ്സമില്ലാത്ത ടാപ്പിംഗ് നടന്നതിനാലാണ് ഉത്പാദനം വർദ്ധിച്ചത് . ബോർഡിൽ ലഭ്യമായ കണക്കുകൾ പ്രകാരം, ജൂലൈയിലെ പ്രകൃതിദത്ത റബ്ബർ ഉപഭോഗം 95,000 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 98,000 ടണ്ണായിരുന്നു.
Share your comments