റബര്‍ ഇറക്കുമതി കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ റബർ വില കാര്യമായി ഉയരുന്നില്ല. വില ഉയരാത്തതിനു പിന്നില്‍ വൻ കിട കമ്പനികളുടെ പൂഴ്ത്തിവെപ്പാണ് കാരണമെന്ന് സൂചന. പൂപ്പല്‍ബാധയെത്തുടര്‍ന്ന് പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ലോകത്ത് റബറിന്റെ 70 ശതമാനവും ഉത്‌പാദിപ്പിക്കുന്നത് ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ്. പെസ്‌റ്റലോടിയപ്ലീസ് എന്ന പൂപ്പല്‍ബാധയെത്തുടര്‍ന്ന് ഈ രാജ്യങ്ങളിൽ ഉല്‍പാദനം കുറഞ്ഞു. ഇതോടെ കയറ്റുമതിയില്‍ 2.4 ശതമാനം കുറവുവരുത്താന്‍ ഇവർ കഴിഞ്ഞ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. ഒക്‌ടോബര്‍വരെ 4.41 ലക്ഷം ടണ്ണിന്റെ കുറവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ഒക്‌ടോബര്‍ ഒന്നുവരെ ഇന്തോനീഷ്യയില്‍ 3.82 ലക്ഷം ഹെക്‌ടറില്‍ പൂപ്പല്‍ബാധ സ്‌ഥിരീകരിച്ചു. മലേഷ്യയില്‍ 2136 ഹെക്‌ടറിലും തായ്‌ലന്‍ഡില്‍ 50,000 ഹെക്‌ടറിലും രോഗബാധ ഉണ്ടായി. രോഗബാധ നിയന്ത്രിക്കാന്‍ തായ്‌ലന്‍ഡ് രാജ്യാന്തര റബര്‍വികസന ബോര്‍ഡിന്റെ സഹായം തേടിയിരിക്കുകയാണ്.
അവസരം മുതലെടുത്ത്, രാജ്യാന്തര വിപണിയിൽ റബറിന് വന്ന കുറവ് നികത്താനുള്ള ശ്രമത്തിലാണ് വിയറ്റ്‌നാം, ഐവറികോസ്‌റ്റ്, കംബോഡിയ എന്നീ രാജ്യങ്ങള്‍. അവിടുന്നുള്ള കയറ്റുമതിയില്‍ 1.08 ടണ്ണിന്റെ വര്‍ധനയാണുണ്ടായത്.റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2018-19 വര്‍ഷം 6.51 ലക്ഷം ടണ്‍ റബറാണ് ഉല്‍പ്പാദിപ്പിച്ചത്. ഉപഭോഗം 12.12 ലക്ഷം ടണ്‍. 2019-20 വര്‍ഷത്തില്‍ ഏപ്രില്‍-സെപ്‌റ്റംബര്‍ കാലത്ത് ഉല്‍പ്പാദനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.2% വര്‍ധനയുണ്ടായി. ഉപഭോഗം 7.6% കൂടി. നടപ്പുവര്‍ഷം 7.30 ലക്ഷം ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിക്കാമെന്നാണു പ്രതീക്ഷ.
Share your comments