തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇന്നലെ (13/03/2024) ഉദ്ഘാടനം ചെയ്ത് ഇതുവരെ 39,053 റേഷൻ കാർഡ് ഉടമകൾ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്നും കൈപ്പറ്റി. 195 ടൺ അരിയാണ് ഇതുവരെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തത്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടൺ അരിയാണ് ശബരി കെ-റൈസിനായി പർച്ചയ്‌സ് ചെയ്തത്. ഇതിൽ 1100 മെട്രിക് ടൺ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ മുഴുവൻ അരിയും വിതരണത്തിനായി ലഭ്യമാകുന്നതാണ്.
സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെയാണ് ശബരി കെ- റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്പനശാലകളിലും ശബരി കെ റൈസ് എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70% ഔട്ട് ലെറ്റുകളിലൂടെയും ശബരി കെ-റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും നാളെ (വെള്ളിയാഴ്ച) ഉച്ചയോടെ ശബരി കെ-റൈസ് ലഭ്യമാകും.
മറ്റു സബിഡി സാധനങ്ങളും സപ്ലൈകോ വില്പനശാലകളിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഇനങ്ങൾക്കും ഓഫറുകൾ നൽകിക്കൊണ്ട് 'സപ്ലൈകോ ഗോൾഡൻ ഓഫർ' എന്ന പേരിൽ ഒരു പുതിയ സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീൻപീസ്, കടുക്, പിരിയൻ മുളക് തുടങ്ങിയ 15 ഇനം സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് ഈ സ്‌കീംപ്രകാരം പൊതു വിപണിയിൽ നിന്നും 15 മുതൽ 30% വരെ വിലക്കുറവാണ് നൽകുന്നത്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ശബരിയുടെ ആയ 10 ജനപ്രിയ ഉൽപ്പന്നങ്ങൾക്കും, പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ബ്രാൻഡുകളുടെ ഇരുപതിൽപരം ഉൽപ്പന്നങ്ങൾക്കും ഗോൾഡൻ ഓഫറിലൂടെ വൻ വിലക്കുറവ് നൽകുന്നുണ്ട്. ഇത്തരം എഫ് എം സി ജി ഉൽപ്പന്നങ്ങൾക്ക് എംആർപിയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്.
റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷൻ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ടേഷൻ കരാറുകാർക്ക് 2023 ഡിസംബർ, 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകാനുള്ള തുക സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Share your comments