
അടുത്ത 3 വർഷത്തിനുള്ളിൽ, ഒരു ഇന്ററാക്ടീവ് ടെക് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനും, നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി പുതിയ അഗ്രി-ടെക് വിഭാഗമായ AgCare ടെക്‌നോളജീസിൽ, 100 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അഗ്രോകെമിക്കൽസ് നിർമ്മാതാക്കളായ സഫെക്‌സ് കെമിക്കൽസ് ലിമിറ്റഡ് അറിയിച്ചു. കാർഷിക സമ്പദ്‌വ്യവസ്ഥയിലെ മുഴുവൻ മൂല്യ ശൃംഖലയെയും സംയോജിപ്പിക്കുന്നതിന് ഒരു ഇന്ററാക്ടീവ് ടെക്‌നോളജി പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് പദ്ധതി.
ഈ പ്ലാറ്റ്‌ഫോമിൽ പ്രധാന പങ്കാളികൾക്ക്, പ്രത്യേകിച്ച് കർഷകർക്ക് ഗുണനിലവാരമുള്ള വിള സംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങാനും കാലാവസ്ഥാ അപ്‌ഡേറ്റുകൾ, വിദഗ്ധരുടെ സഹായം, മാൻഡി നിരക്കുകൾ തുടങ്ങിയ സേവനങ്ങൾ നേടാനും കഴിയുമെന്ന് സഫെക്‌സ് കെമിക്കൽസ് ലിമിറ്റഡ് കമ്പനിയുടെ ഗ്രൂപ്പ് ഡയറക്ടർ പിയൂഷ് ജിൻഡാൽ പറഞ്ഞു. ഇന്ററാക്ടീവ് ടെക് പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് പഠനം ജനുവരി-മാർച്ച് മാസങ്ങളിൽ നടത്തും. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ പൂർണമായി സജീവമാകാൻ പദ്ധതിയിടുന്നുണ്ട്, അതോടൊപ്പം പ്ലാറ്റ്ഫോം ഘട്ടം ഘട്ടമായി വിപുലീകരിക്കുമെന്ന് ജിൻഡാൽ പറഞ്ഞു.
നിർദ്ദിഷ്ട പ്ലാറ്റ്‌ഫോമിൽ നിന്ന് ഉയർന്നുവരുന്ന കാലിത്തീറ്റ പരിഹാരങ്ങൾ പോലുള്ള നിലവിലുള്ളതും പുതിയതുമായ ഉൽപ്പന്നങ്ങളുടെ ആവശ്യകത നിറവേറ്റുന്നതിനായി ഒരു പുതിയ നിർമ്മാണ യൂണിറ്റും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടെക് പ്ലാറ്റ്‌ഫോം സജ്ജീകരിക്കുന്നതിന് സഫെക്‌സ് കെമിക്കൽസ് അതിന്റെ നിലവിലുള്ള ഡൊമെയ്‌ൻ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. കമ്പനി ഇതിനകം തന്നെ സാങ്കേതികവിദ്യയിൽ കുറച്ച് നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ക്രമേണ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെ ആസ്ഥാനമായുള്ള ബ്രയാർ കെമിക്കൽസ് അടുത്തിടെ ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ വരുമാനം 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1,220-1,250 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, മുൻ സാമ്പത്തിക വർഷം ഇത് 783 കോടി രൂപയായിരുന്നു. നിലവിൽ, സഫെക്സ് കെമിക്കൽസിന് ഇന്ത്യയിൽ ആറ് നിർമ്മാണ യൂണിറ്റുകളുണ്ട്, അതിനു പുറമെ യുകെയിലും ഒരു നിർമാണ യൂണിറ്റ് ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അരിയ്ക്കും, പാമോയിലിനും വില കൂടുന്നു
Share your comments