
1. കൂണ്‍ കൃഷിയിലേക്ക് കര്‍ഷകരെയും ബിസിനസ് സംരംഭകരെയും ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള നടപ്പിലാക്കുന്ന ‘സമഗ്ര കൂണ്‍ ഗ്രാമം പദ്ധതി’ രണ്ടാംഘത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ 50 നിയോജകമണ്ഡലങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബ്ലോക്കുകളിലാണ് രണ്ടാംഘട്ടത്തില്‍ കൂണ്‍ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ ശാക്തികരണം, കര്‍ഷക കൂടുംബങ്ങളുടെ ഉപജീവനത്തിന് അധിക വരുമാനം, പോഷക സുരക്ഷ എന്നിവയ്‌ക്കൊപ്പം, ഒരു ബിസിനസ് സംരംഭം എന്ന രീതിയില്‍ യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് ‘രാഷ്ട്രീയ കൃഷി വികാസ് യോജന’ പദ്ധതി പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂണ്‍ ഗ്രാമങ്ങള്‍ ( Comprehensive Development of Mushroom villages in Kerala ) സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകളും ഒരു കൂണ്‍ വിത്തുത്പാദന യൂണിറ്റും 3 കൂണ്‍ സംസ്‌കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം പദ്ധതി. 20 നിയോജകമണ്ഡലത്തില്‍പ്പെട്ട ഓരോ കാര്‍ഷിക ബ്ലോക്കുകളിലാണ് കൂണ്‍ ഗ്രാമം ആദ്യഘട്ട പദ്ധതിക്ക് കഴിഞ്ഞവര്‍ഷം തുടക്കമിട്ടത്. ഇത് ഏതാണ്ട് പൂര്‍ത്തിയായി വരുന്നു.
പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 5 വീതവും തിരുവനന്തപുരവും ആലപ്പുഴയും കോട്ടയവും 4 വീതവും കൊല്ലം എറണാകുളം ജില്ലകളില്‍ 3 വീതവും ഇടുക്കി കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടും പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഒന്നും വീതം കൂണ്‍ ഗ്രാമങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ 6 കൂണ്‍ ഗ്രാമങ്ങള്‍ കൂടിയുണ്ടാകും ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ഭാഗമായി ഉദ്യാന കൃഷി വിളകള്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഈ വര്‍ഷം 8750 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. ഈ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിലേക്ക്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഫീല്‍ഡ്തല പ്രവര്‍ത്തകരുടെ ദ്വിദിന ശില്‍പ്പശാല, 2025 ജൂലായ് 16, 17 തീയതികളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ്, തിരുവനന്തപുരത്ത് നടക്കും. കൃഷി വകുപ്പിലേയും ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിലെയും ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനിലെയും വിദഗ്ദ്ധര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍ ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുകള്‍ വഴിയാണ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷിഭവനുകളില്‍ നിന്നും ലഭ്യമാകും.
2. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 26-ാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. താത്പര്യമുള്ളവർ 0491-2815454 എന്ന ഫോൺ നമ്പരില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
3. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
Share your comments