അപൂർവയിനം നെൽവിത്തുകൾ സംരക്ഷിച്ച് ശ്രദ്ധനേടിയ കർഷകൻ സത്യനാരായണ ബലേരിയ്ക്ക് പത്മശ്രീ പുരസ്കാരം. സ്വദേശത്തും വിദേശത്തും നിന്നുള്ള 650-ലധികം ഇനം നെൽവിത്തുകളാണ് ഇദ്ദേഹം സംരക്ഷിക്കുന്നത്. കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ബലേരി സ്വദേശിയായ സത്യനാരായണയ്ക്ക് കേന്ദ്രസർക്കാർ പുരസ്കാരമായ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും, സ്വന്തം സ്ഥലത്ത് പ്രകൃതിദത്തവനം സൃഷ്ടിച്ചതിലൂടെ കേരള വനംവകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ: PM Kisan: ആനുകൂല്യം 8,000 രൂപയായി ഉയർത്തും?
പാരമ്പര്യമായി ലഭിച്ച ഒരേക്കർ സ്ഥലത്ത് നെല്ല് കൂടാതെ, ഔഷധ സസ്യങ്ങളും നിരവധി മരങ്ങളും നട്ടുപിടിപ്പിച്ച് സ്വാഭാവിക വനം നിർമിച്ച് പക്ഷികൾക്കും ജീവികൾക്കും സംരക്ഷണമൊരുക്കുകയാണ് ഇദ്ദേഹം. 15 വർഷമായി അപൂർവയിനം നെല്ലുകളെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്. കേരളത്തിലെയും കർണാടകയിലെയും കാർഷിക വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സത്യനാരായണ ബലേരിയുടെ വിത്ത് ലാബ് ഉപകാരപ്രദമാണ്.
നെല്ല് സംരക്ഷണം കൂടാതെ, തേനീച്ച വളർത്തൽ, ഗ്രാഫ്റ്റിംഗ്, പ്ലാസ്റ്റർ വർക്ക്, മരപ്പണി, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയിലും സാഹിത്യത്തിലും വലിയ അറിവുണ്ട് ഇദ്ദേഹത്തിന്. നെൽവിത്ത് കൂടാതെ ജാതിക്ക, കുരുമുളക് എന്നിവയുടെ വിത്തുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 20 ദിവസം വെള്ളത്തിലിട്ടാലും നശിക്കാത്ത ഏടിക്കൂണി, വരണ്ട മണ്ണിൽ പോലും നൂറുമേനി വിളയുന്ന വെള്ളത്തൊവൻ തുടങ്ങിയ നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.
വിവിധ നെല്ലിനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽ എത്തിച്ച് മറ്റ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും, ഗവേഷണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. പത്മശ്രീ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും സത്യനാരായണ ബലേരി ഉൾപ്പെടെ 3 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇ.പി നാരായണന്‍ എന്നിവരാണ് മറ്റ് 2 പേർ.
Share your comments