1. News

ആലപ്പാട്; അതിജീവനത്തിന്റെ  പോരാട്ടത്തിന് ജനകീയ പിന്തുണയേറുന്നു

ഒരു ഗ്രാമത്തിലെ ജനത മുഴുവന്‍ തങ്ങളുടെ ഗ്രാമം കടലിനടിയിലാകാതിരിക്കാന്‍ എഴുപത് ദിവസത്തിലേറെയായി  സമരം ചെയ്യുകയാണ്.കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികളാണ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത്.

KJ Staff
save alappad
ഒരു ഗ്രാമത്തിലെ ജനത മുഴുവന്‍ തങ്ങളുടെ ഗ്രാമം കടലിനടിയിലാകാതിരിക്കാന്‍ എഴുപത് ദിവസത്തിലേറെയായി  സമരം ചെയ്യുകയാണ്.കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികളാണ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത്. അമ്പത് വര്‍ഷത്തിലധികമായി നടക്കുന്ന കരിമണല്‍ ഖനനം മൂലം ആലപ്പാട് പഞ്ചായത്തിലെ ഏക്കര്‍ കണക്കിന് ഭൂമി കടലെടുത്തു. ഇന്ത്യന്‍ റയര്‍ ഏര്‍ത്സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി. ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്.
 
ഖനനം മൂലം ആലപ്പാട്ടെ ഭൂവിസ്തൃതി കുറഞ്ഞ് തീരദേശത്തെ  കടലാക്രമണ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി. ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. . കടലിനും കായലിനും ഇടയ്ക്കുള്ള ഗ്രാമമാണ് ആലപ്പാട്. അനുമതിയില്ലാത്ത സ്ഥലത്തും ഐ.ആര്‍.ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരിമണല്‍ ഖനനം ആലപ്പാടിനെ മാത്രമല്ല കേരളത്തിന്റെ പരിസ്ഥിതിയെ തന്നെ ആകെ ബാധിക്കും.
 
സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വീഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ആലപ്പാടെ ജനതയുടെ സമരം വ്യാപക പ്രചാരം നേടിയതോടെ കൂടുതല്‍ പേര്‍ ആലപ്പാടിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്. ചലച്ചിത്രപ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധമേഖലകളില്‍ ഉള്ളവര്‍ സേവ് ആലപ്പാട് കാമ്പയിന്റെ ഭാഗമായി സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരണമാണ് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്നത്. ഒരുകാലത്ത് മത്സ്യസമ്പത്തും കാര്‍ഷിക സമ്പത്തുംകൊണ്ട് വിഭവസമൃദ്ധമായിരുന്നു ഒരു നാട് ഇന്ന് ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍, ജീവിക്കാന്‍ മാര്‍ഗമില്ലാതാകുന്നു മനുഷ്യന്‍ അതിജീവനത്തിന്റെ പാതയില്‍ നിന്നുകൊണ്ട് നടത്തുന്ന അവസാനപോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
 
സമരം ശക്തമായതിനെത്തുടര്‍ന്ന് സ്ഥലത്തെ സാഹചര്യവും നിലവില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍  യോഗത്തില്‍ പങ്കെടുക്കും.വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാന്‍ കേരളമാകെ ബഹുജനമാര്‍ച്ചിനും ആഹ്വാനമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം സ്വാഗതം ചെയ്ത സമരസമിതി പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.  
 
English Summary: save alappad stop mining

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds