1. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2025-26 വര്‍ഷം ചേരുവാന്‍ അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്തുക, പഞ്ഞമാസ കാലയളവില്‍ തൊഴില്‍ നഷ്ടമുണ്ടാവുന്നത് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി. അപേക്ഷകർ ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മേന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുമായിരിക്കണം.
പ്രായപരിധി 18-60 വയസ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ്, ആറു മാസത്തിനകം എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ട് ഗഡുവായ 500 രൂപ എന്നിവ സഹിതം തിരുവനന്തപുരം മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 23,24 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0468 2967720, 9400005123 എന്ന നമ്പറിൽ ബന്ധപ്പെടുക.
2. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 24, 25 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 04712732918 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments