കാനഡയിലെ ഒരു സംഘം ശാസ്ത്രജ്ഞർ വനനശീകരണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിച്ച് ഭൂമിയെ ഹരിതാഭമാക്കാൻ പുതിയ മാർഗവുമായി എത്തിയിരിക്കുകയാണ്. ഡ്രോണുകളുടെ സഹായത്തോടെ മരങ്ങളുടെ വിത്തുകൾ വിതച്ച് അതിലൂടെ വനവത്കരണം സാദ്ധ്യമാക്കുക എന്നതാണ് പദ്ധതി. ഫ്‌ളാഷ് ഫോറസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2028 നുള്ളില്‍ നൂറുകോടി മരങ്ങള്‍ നടാനാണ് പദ്ധതിയിടുന്നത്.ഡ്രോൺ ഉപയോഗത്തിലൂടെ അതിവേഗം വിത്ത് നടാമെന്നുള്ളതാണ് ഈ കണ്ടുപിടിത്തതിന്റെ പ്രധാന മേന്മ. ചിലവാകട്ടെ,വളരെ കുറവും. ഡ്രോണുകൾ ഉപയോഗിച്ച് വെറുതേ വിത്തുകൾ വലിച്ചെറിയുകയല്ല ചെയ്യുന്നത്. പകരം മുളച്ച വിത്തുകളെ വളംചേർത്ത മണ്ണിൽ സുരക്ഷിതമായി സ്ഥാപിച്ച്, വിത്തുസഞ്ചികളാക്കിയ ശേഷം ഡ്രോണുകളുടെ സഹായത്തോടെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വീഴുന്നിടത്തെ മണ്ണിൽ വേരുപിടിക്കാൻ വൈകിയാലും കുഴപ്പമില്ല. കാരണം ഒമ്പതുമാസത്തോളം വളരാൻ ആവശ്യമായ സൗകര്യം ഈ വിത്തുസഞ്ചിയിലുണ്ട്.
പദ്ധതി ആഗസ്റ്റ് മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു. ഓരോ സെക്കൻഡിലും ഓരോ വിത്തുസഞ്ചികൾ നിക്ഷേപിക്കാൻ സാധിക്കുന്ന പത്തോളം ഡ്രോണുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇക്കാലയളവിൽ ഏകദേശം 3,100ത്തോളം മരത്തൈയ്കൾ നട്ടുകഴിഞ്ഞു. പൈൻ, റെഡ് മേപ്പിൾ, വൈറ്റ് ബിർച്ച് തുടങ്ങിയ മരങ്ങളുടെ വിത്താണ് നിക്ഷേപിച്ചത്. ഇതോടെയാണ് എട്ടുവർഷം കൊണ്ട് നൂറുകോടി മരങ്ങൾ നടുകയെന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രജ്ഞരുടെ സംഘം എത്തിച്ചേർന്നത്.ഓരോ വർഷവും ഭൂമിക്ക് നഷ്ടമാകുന്നത് 1300 കോടിയോളം മരങ്ങളാണ്. എന്നാൽ ഇതിന്റെ പകുതിയിലും കുറച്ച് മാത്രമാണ് ഓരോ വർഷവും നട്ടുപിടിപ്പിക്കപ്പെടുന്നത്. ഭൂമിയുടെ ശ്വാസകോശത്തിന്റെ മുറിവുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചത്.
Share your comments