News

കസ്തൂരിയെ കാത്ത് രക്ഷിക്കാന്‍ മൂന്ന് കൃഷി ശാസ്ത്രജ്ഞന്മാര്‍

മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവിന് പേറ്റന്റ് നേടിയത് അമേരിക്കന്‍ കമ്പനി. പിന്നീട് സിഎസ്‌ഐആര്‍ വലിയ നിയമ യുദ്ധം നടത്തി അത് ക്യാന്‍സല്‍ ചെയ്യിച്ചു. മാര്‍ക്കറ്റില്‍ കിട്ടുന്ന മഞ്ഞള്‍ പൊടിയില്‍ മഞ്ഞളിന്റെ അംശം കുറവാണ് എന്ന തിരിച്ചറിവ് ഇപ്പോള്‍ പലര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ പലരും അത്യാവശ്യം വേണ്ടുന്ന മഞ്ഞള്‍ വീട്ടില്‍ വളര്‍ത്തുകയോ വാങ്ങി പൊടിക്കുകയോ ചെയ്യുന്നു. എന്നാല്‍ കസ്തൂരി മഞ്ഞളിന്റെ സ്ഥിതി ഇതിലും ദയനീയമാണ്.

 

അങ്ങാടിക്കടകളില്‍ കിട്ടുന്ന കടും നിറമുള്ള കസ്തൂരി മഞ്ഞള്‍ യഥാര്‍ത്ഥത്തില്‍ കസ്തൂരിയേയല്ല എന്ന് കേരള സര്‍വ്വകലാശാലയിലെ പ്ലാന്റേഷന്‍ ക്രോപ്‌സ് ആന്റ് സ്‌പൈസസ് വിഭാഗം ഹെഡായിരുന്ന ഡോക്ടര്‍ ബി.കെ.ജയചന്ദ്രനും വിദ്യാര്‍ത്ഥികളും നടത്തിയ മാര്‍ക്കറ്റ് പഠനത്തിലാണ്. ത്വക്കിന് മിനുസവും ആരോഗ്യവും നല്‍കാന്‍ പാലിലും റോസ് വാട്ടറിലുമൊക്കെ ചേര്‍ത്തുപയോഗിക്കുന്ന കസ്തൂരി മഞ്ഞള്‍ ത്വക്കിന് സുഖം പകരുന്നതിന് പകരം പുകച്ചില്‍ അനുഭവപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാര്‍ക്കറ്റ് സ്റ്റഡി നടത്തിയത്.ഇതിന്റെ ഡിഎന്‍എ പഠനം നടത്തിയപ്പോഴാണ് കടകളില്‍ ലഭിക്കുന്നതില്‍ മുക്കാല്‍ പങ്കും കസ്തൂരി മഞ്ഞള്‍ അഥവാ കാട്ടു മഞ്ഞളല്ലെന്നും(കുര്‍ക്കുമ അരോമാറ്റിക്ക) മഞ്ഞ കൂവ ( കുര്‍കുമ സെഡോറിയ ) ആണെന്നും മനസിലായത്. ഒന്നര പതിറ്റാണ്ടോളം നീണ്ട ഗവേഷണം ഈ രംഗത്ത് ജയചന്ദ്രന്‍ നടത്തുകയുണ്ടായി. കടുത്ത മഞ്ഞ നിറമുള്ള മഞ്ഞകൂവയെ പലരും കസ്തൂരി മഞ്ഞളായി തെറ്റിദ്ധരിക്കുന്നു. എന്നാല്‍ കസ്തൂരി മഞ്ഞളിന്റെ നിറം ക്രീമാണ് താനും.

 

ഈ കണ്ടെത്തലിനെ കേരള സര്‍ക്കാരും ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡും അംഗീകരിക്കുകയും കസ്തൂരി മഞ്ഞള്‍ അന്യം നിന്നുപോകാതെ പ്രൊമോട്ടു ചെയ്യുന്നതിനും വ്യാജനെ തിരിച്ചറിയുന്നതിനുമായി ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരത്തും കൊല്ലത്തും ചില പഞ്ചായത്തുകള്‍ ഐഡന്റിഫൈ ചെയ്ത് കസ്തൂരി മഞ്ഞള്‍ കൃഷി തുടങ്ങി. കുന്നത്തുകാല്‍ പഞ്ചായത്തിലും കള്ളിക്കാട് പഞ്ചായത്തിലും കാര്യമായ കൃഷി നടന്നു. ഇതിനെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 1970ല്‍ ആകെയുളള മഞ്ഞള്‍ കൃഷിയില്‍ 5% കസ്തൂരി മഞ്ഞളായിരുന്നത് 1980കളുടെ അവസാനം 3.6% ആയി കുറഞ്ഞിരുന്നു.

 

ജയചന്ദ്രന്റെ ശ്രമഫലമായി കുറച്ചേറെ പ്രദേശത്ത് കൃഷി ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റോടെ ആ മൊമന്റം നഷ്ടമായി. എങ്കിലും തന്റെ കൈവശമുണ്ടായിരുന്ന മഞ്ഞള്‍ വീട്ടില്‍ നട്ടുപിടിപ്പിച്ചും സുഹൃത്തുക്കള്‍ക്ക് വിത്ത് നല്‍കിയും ഉള്ളത് പൊടിച്ചെടുത്തും തന്റെ സ്വപ്‌നം കെട്ടുപോകാതെ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ബിരുദ-ബിരുദാനന്തരകാലത്ത് ഒപ്പമുണ്ടായിരുന്ന സതീര്‍ത്ഥ്യരായ കാര്‍ഷിക സര്‍വ്വകലാശാലയില്‍ വെജിറ്റബിള്‍ ക്രോപ്‌സ് വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ എം.അബ്ദുല്‍ വഹാബിനോടും കാനറാ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത കെ.ആര്‍.ബാലചന്ദ്രനോടും തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരും ഒപ്പം കൂടാന്‍ തയ്യാറായി. അങ്ങിനെയാണ് ഹോര്‍ട്ടികോ ഗ്രീന്‍സ് എന്നൊരു സ്ഥാപനം തുടങ്ങി,തിരുവല്ലം വണ്ടിത്തടത്ത് 25 സെന്റ് ഭൂമിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി തുടങ്ങിയത്. ഹോര്‍ട്ടികോ ഗ്രീന്‍സിന് സന്തോഷം പകര്‍ന്നുകൊണ്ട് കസ്തൂരി മഞ്ഞള്‍ കൊയ്ത്തിന് തയ്യാറായി നില്‍ക്കുകയാണ് ഇപ്പോള്‍.

 

ഇനി ലക്ഷ്യം ഇതിനെ പരമാവധി പോപ്പുലറൈസ് ചെയ്യുക എന്നതാണ്. തുറന്ന പ്രദേശങ്ങളിലും പൂച്ചട്ടിയിലും ഗ്രോബാഗിലുമൊക്കെ ഇതിനെ വളര്‍ത്താന്‍ ആളുകള്‍ക്ക് പ്രേരണ നല്‍കുകയാണ് ഉദ്ദേശിക്കുന്നത്. ഓരോ വീട്ടിലും കസ്തൂരി മഞ്ഞള്‍ എന്നതാണ് ലക്ഷ്യമിടുന്നത്. ത്വക്കിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമായ കസ്തൂരി മഞ്ഞളിന്റെ വിത്തും ഉപയോഗിക്കാന്‍ കഴിയുന്ന പൊടിയും ഇന്ത്യയൊട്ടാകെ വിതരണം ചെയ്യുക എന്നതാണ് ഇനി ഹോര്‍ട്ടികോ ഗ്രീന്‍സിന്റെ ലക്ഷ്യം. ഇത് ലാഭകരമായ ഒരു ബിസിനസ് എന്ന നിലയിലല്ല കാണുന്നത്, സമൂഹത്തിനോടുള്ള പ്രതിബദ്ധതയായിട്ടാണ്. മഞ്ഞള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം- ഫോണ്‍- 6235529849, വെബ്‌സൈറ്റ് --- www.horticogreens.com


English Summary: Scientists on a mission to protect Kasturi turmeric

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine