കൊച്ചി: ഇന്ത്യയുടെ സീഫുഡ് കയറ്റുമതിയിൽ ഏറ്റവും നിർണായകമാണ് കടൽസസ്തനികളുടെ സംരക്ഷണമെന്ന് ശിൽപശാല. 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ കടൽ സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണ പുരോഗതി വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ നിരീക്ഷണം.
യുഎസിലേക്ക് സമുദ്രഭക്ഷ്യോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർ കടൽസസ്തനികളുടെ വംശസംഖ്യ, ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നാണ് യുഎസ് നിയമം. അതിനാൽ, തിമിംഗലം ഉൾപ്പെടെയുള്ള കടൽസസ്തനികളുടെ സംരക്ഷണത്തിനും ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങൾക്കും അതീവ പ്രാധാന്യമുണ്ടെന്ന് ശിൽപശാല വിലയിരുത്തി.
മൂല്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള സീഫുഡ് കയറ്റുമതി 33 ശതമാനമാണ്. കടൽ സസ്തനികളുടെ സംരക്ഷണ മാനദണ്ഢങ്ങൾ നടപ്പിലാക്കാനായില്ലെങ്കിൽ കോടികൾ വിലമതിക്കുന്ന സീഫുഡ് കയറ്റുമതിയെയാണ് ബാധിക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാകും- ശിൽപശാല ചൂണ്ടിക്കാട്ടി.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കടൽസസ്തനികൾ തീരത്തടിയുന്നതിന്റെ വിവരശേഖരണം, തീരക്കടൽ സർവേ, ആഴക്കടൽ സർവേ, ബൈകാച്ച് അവലോകനം എന്നിവയാണ് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചത്തുകരയ്ക്കടിയുന്ന തിമിംഗലങ്ങളുടെ സാംപിൾ പരിശോധിക്കുകയും പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടെത്തുന്നതുൾപ്പെടെയുള്ള ശ്രമങ്ങൾക്ക് ജീവശാസ്ത്രജ്ഞർ, വെറ്റിനറി ഡോക്ടർമാർ, പരിസ്ഥിതി വിദഗ്ധർ തുടങ്ങിയവരുടെ കൂട്ടായ സഹകരണം ആവശ്യമാണെന്ന് ഡോ ഇ വിവേകാനന്ദൻ പറഞ്ഞു. ഫിഷറി സർവേ ഓഫ് ഇന്ത്യ സോണൽ ഡയറക്ടർ ഡോ സിജോ വർഗീസ്, ഡോ ജെ ജയശങ്കർ, ഡോ പ്രജിത് കെ കെ, പി അനിൽകുമാർ, ഡോ കെ ആർ ശ്രീനാഥ്, ഡോ ഗ്രിൻസൻ ജോർജ്, ഡോ ആർ രതീഷ്കുമാർ എന്നിവർ സംസാരിച്ചു.
Share your comments