ലാഭകരവും എന്നാൽ സുരക്ഷിതവും ആണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ഇന്ത്യൻ പോസ്റ്റ് ഓഫീസ് വിവിധ സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ അപകട സാധ്യതയും ഉയർന്ന ലാഭവുമാണ് പോസ്റ്റ് ഓഫീസിനെ ജനപ്രിയമാക്കുന്നത്. മാത്രമല്ല ഇതിൽ വനിതകൾക്കായി പ്രത്യേക സ്കീമുകളും നിരവധി പദ്ധതികളുമുണ്ട്. ഇത് അവരുടെ നിക്ഷേപങ്ങളിൽ നിന്നും വരുമാനം നേടുന്നതിന് സഹായിക്കുന്നു.
അനുയോജ്യമായ നിക്ഷേപ മാർഗം തേടുന്ന സ്ത്രീകൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച പോസ്റ്റ് ഓഫീസ് പദ്ധതിയാണ് "മഹിളാ സമ്മാന് സർട്ടിഫിക്കറ്റ്" ഈ പദ്ധതിയിലൂടെ, മിതമായ നിക്ഷേപങ്ങൾ നടത്തി സ്ത്രീകൾക്ക് ഗണ്യമായ വരുമാനം നേടാനാകുമെന്നതിൽ സംശയമില്ല. ഇത് സമ്പാദ്യത്തിനെ പ്രോത്സാഹിപ്പിക്കുകയും ഉയർന്ന നിരക്ക് നൽകുകയും ചെയ്യുന്നു.
സ്ത്രീകൾക്ക് ഉറപ്പുള്ള വരുമാനം നൽകുന്നു:
പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന 'മഹിളാ സമ്മാന് സർട്ടിഫിക്കറ്റ്' പദ്ധതി വഴി, വനിതാ നിക്ഷേപകർക്ക് വിപണിയിലെ അപകടസാധ്യതകളൊന്നും വരില്ലെന്ന് ഉറപ്പാക്കുന്നു. പകരം, അവരുടെ നിക്ഷേപത്തിൽ അവർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കുന്നതിനും സഹയിക്കുന്നു.
യോഗ്യതയും നിക്ഷേപ പരിധിയും:
ഈ സ്കീമിന് കീഴിൽ സ്ത്രീകൾക്ക് രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് പ്രതിവർഷം 7.5 ശതമാനം സ്ഥിര പലിശ ലഭിക്കും. ഇത് സ്ത്രീകൾക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ മാത്രമല്ല, സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഈ സ്കീമിൽ നിക്ഷേപിക്കുന്ന എല്ലാ സ്ത്രീകൾക്കും അധിക സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് നിക്ഷേപിച്ച തുകയ്ക്ക് സർക്കാർ നികുതി ഇളവുകൾ നൽകുന്നു. 10 വയസോ അതിൽ കൂടുതലോ പ്രായമുള്ള പെൺകുട്ടികൾക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്
പലിശ:
മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിനൊപ്പം, രണ്ട് വർഷത്തെ നിക്ഷേപ കാലയളവിലേക്ക് 7.5 ശതമാനം ആകർഷകമായ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ആദ്യ വർഷം 15,000 രൂപയും രണ്ടാം വർഷം 16,125 രൂപയും ലാഭം ലഭിക്കും. മൊത്തത്തിൽ, നിങ്ങളുടെ 2 ലക്ഷം രൂപയുടെ നിക്ഷേപം സ്കീമിന്റെ രണ്ട് വർഷത്തെ കാലയളവിൽ 31,125 രൂപയുടെ ആനുകൂല്യം നൽകും.
ആവശ്യമായ രേഖകൾ
മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിന് ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ് എന്നിവ ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന വരുമാനം നൽകുന്ന സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതികൾ
Share your comments