പാലക്കാട്: ആലത്തൂരില്‍ സംഘടിപ്പിച്ച വിത്തുത്സവത്തിന് സമാപനം. നെല്‍വിത്തുകളും പച്ചക്കറി വിത്തുകളും പരിചയപ്പെടുത്തിയ 2 ദിവസത്തെ മേളയിൽ കര്‍ഷകര്‍ നേടിയത് 1 ലക്ഷം രൂപയുടെ വരുമാനം. ചെടികള്‍, വിത്തുകള്‍, പൂച്ചെടികള്‍, ഫലവൃക്ഷ തൈകൾ വഴി 35,000 രൂപയും, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് 20,000 രൂപയും, വളം, ബയോ കണ്‍ട്രോള്‍ ഏജന്റ്‌സ്, കുമ്മായം എന്നിവയ്ക്ക് 10,000 രൂപയും, അട്ടപ്പാടി മില്ലറ്റ് ഉത്പന്നങ്ങള്‍ക്ക് 4000 രൂപയും, കുത്തരി, വിവിധ അരി ഉത്പന്നങ്ങള്‍, സ്‌ക്വാഷുകള്‍ തുടങ്ങിയവയ്ക്ക് 35,000 രൂപയോളവുമാണ് വരുമാനം ലഭിച്ചത്.
കൂടുതൽ വാർത്തകൾ: പെൺകുട്ടികളുടെ മാതാവിന് ധനസഹായം; പദ്ധതി കേരളത്തിലും
നിറ ഇക്കോഷോപ്പിന്റെ മാമ്പഴം, പഴം, പപ്പായ, പച്ചക്കറികള്‍, ചീര, മഞ്ഞള്‍, ചക്ക, മഞ്ഞള്‍ പൊടി, വിവിധ തരം അച്ചാറുകള്‍, നവര അരി, രാഗിപ്പൊടി, തേന്‍, കവട പുല്ല്, കാവടി, ശര്‍ക്കര, കമ്പ്, കൂവരക്, ഇന്തുപ്പ്, വെളിച്ചെണ്ണ, ഭക്ഷ്യ ഉത്പന്നങ്ങള്‍, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, വളം തുടങ്ങിയ വില്‍പനയ്ക്ക് ഒരുക്കിയിരുന്നു.
എരിമയൂര്‍ പുള്ളോട് കുടുംബശ്രീ സംരംഭമായ തുളസി ഫുഡ് പ്രൊഡക്ട്‌സ് വടകം അരി, മുളക് കൊണ്ടാട്ടം, വിവിധ തരം പച്ചക്കറി കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍ ഉള്‍പ്പടെ വിപണിയിൽ എത്തിച്ചിരുന്നു. മേളയുടെ ഭാഗമായി നടന്ന കാര്‍ഷിക സെമിനാർ പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബോധി സെന്ററില്‍ നടന്ന ചടങ്ങിൽ ജൈവ കര്‍ഷകരെ ആദരിക്കുകയും ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ലക്ഷ്മീദേവി മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന ജൈവ കര്‍ഷകരായ നാരായണന്‍ എമ്പ്രാന്തിരി കൂടല്ലൂര്‍, ആര്‍.എന്‍ ശങ്കരന്‍, യുവ ജൈവകര്‍ഷകനായ സ്വരൂപ് കുന്നമ്പുള്ളി എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു.
'ജൈവകൃഷിയും ഭക്ഷ്യ സുരക്ഷയും ആഗോള വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ തണല്‍ ഡയറക്ടർ എസ്. ഉഷ, 'മണ്ണാണ് ജീവന്‍' എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല കോളേജ് ഓഫ് ഫോറസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ വിജയന്‍, 'ജൈവിക കീടരോഗ നിയന്ത്രണം' വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല, ജൈവീക കീട നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്മിത രവി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മേരി വിജയ, ആലത്തൂര്‍ കൃഷി ഓഫിസര്‍ എം.വി രശ്മി, തരൂര്‍ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താന്‍, കാവശ്ശേരി കൃഷി ഓഫിസര്‍ വി. വരുണ്‍, എരിമയൂര്‍ കൃഷി ഓഫീസര്‍ ബിന്‍സി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നാടന്‍ കലാമേളയും വിത്തുത്സവത്തിൽ അരങ്ങേറി.
Share your comments