നാടൻ പച്ചക്കറിയെന്നു പേരിൽ നടത്തുന്ന തട്ടിപ്പു വിൽപനയ്ക്കു തടയിടാൻ ഗ്രാമങ്ങളിലെ കർഷക വിപണിയിൽനിന്ന് നേരിട്ട് പച്ചക്കറികളെത്തിച്ച് വിൽക്കാൻ കൃഷിവകുപ്പ് നഗരങ്ങൾക്കായി 150 കർഷക വിപണികൾ തുടങ്ങുന്നു. കൂടാതെ സംസ്ഥാനമാകെ 1000 നാടൻ വിപണികൾ വിപുലീകരിക്കാനും കൃഷി വകുപ്പ് തീരുമാനിച്ചു. അടുത്തമാസം മുതൽ വിപണികൾ സജ്ജമാകും.നഗരങ്ങളിൽ ഫ്ലാറ്റുകളിൽ നാടൻ പച്ചക്കറിയുമായി മൊബൈൽ വിപണികളുമെത്തും.കോർപറേഷൻ പരിധിയിൽ 10–15 വിപണികളാണ് ഉദ്ദേശിക്കുന്നത്. നഗരസഭകളും റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന്.സ്ഥലം കണ്ടെത്തും. ദിനംതോറുമുള്ളതോ ആഴ്ചയിൽ 2, 3 ദിവസങ്ങളിലോ ആണു വിപണിയൊരുക്കുക. നഗരത്തിനോടു ചേർന്നുള്ള പഞ്ചായത്തുകളിലെ കർഷകരാകും ഇൗ വിപണിയിൽ പച്ചക്കറിയെത്തിക്കുക. ഉൽപാദനം കൂടുതലുള്ള മറ്റു പഞ്ചായത്തുകളെയും ഉൾപ്പെടുത്തും. ഗ്രാമ വിപണികളിൽ ഗ്രാമങ്ങളിലെ തന്നെ ഉപഭോക്താക്കളാണു വാങ്ങാൻ എത്തുന്നത് എന്നതിനാൽ വേണ്ടത്ര വില കിട്ടാത്ത അവസ്ഥയുണ്ട്. നഗരങ്ങളിലെ വിപണി നേരിട്ടു തുറന്നു കിട്ടിയാൽ മാത്രമേ കർഷകർക്ക് പ്രോൽസാഹനമാകൂ എന്നാണു വിലയിരുത്തൽ.
കർഷകരുടെ കൂട്ടായ്മയായ ക്ലസ്റ്ററുകളുടെ എണ്ണവും വർധിപ്പിക്കും. ക്ലസ്റ്ററുകളുടെയും ഇക്കോ ഷോപ്പുകളുടെയും കർഷക വിപണികളുടെയും ഏകോപനത്തിന് അപ്പെക്സ് സമിതിയെ നിശ്ചയിക്കും. നഗരങ്ങളിൽ തുടങ്ങുന്ന നാടൻ വിപണികളിൽ ലഭിക്കുന്ന പച്ചക്കറി ഏത് കൃഷിയിടത്തിൽ നിന്നുള്ളതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന ലേബൽ ഉണ്ടാകും.20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് കേരളത്തിന്റെ വാർഷിക ആവശ്യകത..2018–19ൽ കേരളത്തിൽ 12.12 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. 2015–16ൽ ഇത് 6.28 മെട്രിക് ടണായിരുന്നു. മട്ടുപ്പാവിലെ കൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കൽ തുടങ്ങിയ വഴികളിലൂടെയാണ് ഉൽപാദനം വർധിച്ചത്.പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമി 2016ൽ 46578 ഹെക്ടറായിരുന്നത് 82166 ഹെക്ടറായി ഉയർന്നു.
Share your comments