മാനന്തവാടി:കുട്ടികൾക്കൊപ്പം സ്വന്തമായി ജൈവ രീതിയിൽ ആവശ്യമായ മുഴുവൻ പച്ചക്കറികളും ഉൽപാദിപ്പിച്ചു മാതൃകയാവുകയാണ് മുതിരേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയിലെ അംഗമായ മനില ഫ്രാൻസിസ്. പൂർണമായും ജൈവ രീതിയിൽ പയർ, പാവൽ, മത്തൻ, കുമ്പളം, വെണ്ട , തക്കാളി, മുരിങ്ങ, വഴുതന, ബീൻസ്, ക്യാബേജ്, കോളി ഫ്ളവർ, കോവൽ തുടങ്ങി മുഴുവൻ പച്ചക്കറികളും മനിലയുടെ പുരയിടത്തിൽ തഴച്ചു വളരുന്നു.
പച്ചക്കറികളുടെ വളർച്ചക്കും രോഗ കീട നിയന്ത്രണത്തിനും വിവിധങ്ങളായ ജൈവ മുറകളാണ് മനില അനുവർത്തിക്കുന്നത്. മനിലക്കൊപ്പം കുട്ടികളായ അൽസില, എലിസബത്ത് എന്നിവരും വളരെ സജീവമായി പച്ചക്കറി കൃഷിയിൽ പങ്കാളികളാകുന്നു. പച്ചക്കറിക്കൃഷിക്ക് പുറമെ ആട്, പശു, കോഴി, മുയൽ എന്നിവയേയും ഇവർ പരിചരിക്കുന്നു. ഒപ്പം കിഴങ്ങു വർഗ്ഗങ്ങൾ, വിവിധയിനം വാഴകൾ എന്നിവയും ഇവർ കൃഷി ചെയ്യുന്നു. ഭക്ഷ്യ സുരക്ഷിതത്വത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കുടുംബം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന സേവ് എ ഫാമിലി പദ്ധതിയിൽ അംഗമായ മനില ഇന്ന് സ്വയം പര്യാപ്തതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക-സാങ്കേതിക സഹായങ്ങളും സേവ് എ ഫാമിലി പദ്ധതി കോ ഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ്, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സമയാ സമയങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങളുമാണ് തങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്ക് നിമിത്തമായതെന്ന് ഈ കുടുംബം സാക്ഷ്യ പെടുത്തുന്നു.
Share your comments