
കാലാവസ്ഥയിൽ മാറ്റം വന്നതോടെ പല പാടങ്ങളിലും ഏക്കറിലധികം നെൽകൃഷിയാണ് നശിച്ച് പൊയ്ക്കൊണ്ടിരിക്കുന്നത്. വെള്ളമില്ലാതെ വന്നതോടെയാണ് കൃഷി നശിച്ചത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും, കടുത്ത വരൾച്ചയും, ആവശ്യത്തിന് വേനൽ മഴ ലഭിക്കാത്തതുമാണ് കൃഷി നശിക്കുന്നതിന് കാരണമായത്. ഇത് കർഷകരെ ചെറുതായൊന്നും അല്ല ദുരിതത്തിലാക്കിയത്.
തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയിലെ പാടങ്ങളിൽ ഏകദേശം 500 ഏക്കറിലധികം നെൽകൃഷിയാണ് നശിച്ച് പോയത്. കർഷകരെ ദുരിതത്തിലാക്കുക മാത്രമല്ല ഇത് ചെയ്തത് കടുത്ത സാമ്പത്തികബാധ്യതയും നെൽകർഷകർക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിൽ കടുത്ത വേനൽ കനത്തതോടെ തോടുകളും കിണറുകളും തണ്ണീർത്തടങ്ങളും നേരത്തെ വറ്റിപോയത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്.
നെൽകൃഷിയെ മാത്രമല്ല കടുത്ത വേനൽ ബാധിച്ചിരിക്കുന്നത്. വാഴ, റബ്ബർ, കൈതച്ചക്ക എന്നിങ്ങനെയുള്ള കൃഷികളേയും ഇത് ബാധിച്ചിട്ടുണ്ട്. ഹെക്ടർ കണക്കിന് വാഴകൃഷിയാണ് നശിച്ച് പോയത്. റംസാൻ വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത കൈതച്ചക്ക, ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ, ഞാലിപ്പൂവൻ എന്നിങ്ങനെയുള്ള വാഴകളും കടുത്ത വേനലിൽ നിലംപൊത്തി. ഇത് ഭീമമായ തുകയുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. റബ്ബർ മരങ്ങളിലാകട്ടെ ഇലകൾ കരിഞ്ഞുണങ്ങി പോകുകയാണ്. ഇത് റബ്ബർ പാൽ ഉത്പാദനത്തിലും കുറവ് വരുത്തിയിരിക്കുകയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തിൽ ചൂട് കൂടുതലാണ്, അത്കൊണ്ട് തന്നെ കിണറുകളും, തോടുകളും വളരെ പെട്ടെന്ന് തന്നെ വറ്റിവരണ്ട് പോകുകയും ചെയ്തു.
Updating News...
Share your comments