സംസ്ഥാനത്ത് ഇപ്പോള്‍ മത്സ്യത്തിന് കടുത്ത ക്ഷാമമാണ്.മീൻവരവ് കുറഞ്ഞതോടെ വില കുതിച്ചുയർന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. മാർക്കറ്റുകളിൽ പച്ചമീൻ വില്പന പകുതിയായി കുറഞ്ഞു.വില വർധനയും മത്സ്യ ലഭ്യതയിൽ ഉണ്ടായിട്ടുള്ള വൻ കുറവുമാണ് കാരണം. മത്തി, അയല എന്നിവ കിട്ടാനേയില്ല. ഇവയുടെ വിലയും ഇരട്ടിയിലേറെയായി വർധിച്ചിരിക്കുകയാണ്.കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും വ്യതിയാനവും കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവുമൊക്കെയാണ് മത്സ്യ ലഭ്യത കുറയുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും തന്നെയാണ് വിപണിയില്‍ വന്‍ വില വര്‍ദ്ധന.കിലോയ്ക്ക് നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വിലയിപ്പോൾ 220 വരെയായിട്ടുണ്ട്. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല വില കൊടുത്താലും കിട്ടാനില്ല.120 രൂപയുണ്ടായിരുന്ന അയിലയുടെ വില 240 രൂപയാണിപ്പോൾ. കിളിമീന്റെ വില 70-ൽ നിന്ന് 140 ആയി.ചൂരയുടെ വില മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 270 രൂപയാണ് ഇപ്പോഴത്തെ വില.തീരദേശത്തെ മാർക്കറ്റുകളിൽ സുലഭമായി കിട്ടിയിരുന്ന നാടൻ ചെമ്മീന്റെ വരവും കുറഞ്ഞു. നാടൻ കരിമീന് 520 രൂപയാണ് വില. 100 രൂപയുണ്ടായിരുന്ന പാമുള്ളന് 140 രൂപയായി.തെള്ളി ച്ചെമ്മീൻ അതേ നിലയിൽ തന്നെ വിദേശത്തേക്ക് കയറ്റിപ്പോകുന്നതാണിതിനുകാരണം.
വിലക്കയറ്റം കാരണം മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്താത്തതിനാല്‍ തൊഴിലാളികളും പ്രയാസത്തിലാണ്.പല മാർക്കറ്റുകളും വ്യാപാരം മുന്നോട്ടു കൊണ്ടുപോകുന്നത് തിലോപ്പി വില്പനയിലൂടെയാണ്.മീനിന് വില കൂടി ഉയർന്നതോടെ ഇപ്പോൾ കച്ചവടമേയില്ല. മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വിൽപ്പന നടക്കുന്നത്. നഷ്ടം ഭയന്ന് കച്ചവടക്കാരും കൂടുതൽ ചരക്കെടുത്ത് വിൽക്കാനും മടിക്കുകയാണ്.നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു..മീൻവില ഉയർന്നതോടെ മീൻവണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. ഉയർന്ന വിലയാൽ വീട്ടമ്മമാർ മീൻവാങ്ങാൻ മടിക്കുകയാണ്. ഇനി നോമ്പുകാലം കൂടി തുടങ്ങുന്നതോടെ വില ഇനിയും ഉയർന്നേക്കാം.
Share your comments