നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ പദ്ധതിയുടെ ഭാഗമായി ശൈലി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണം പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ നൂറു ശതമാനം പൂർത്തിയായി.
30 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകളിലെയും ജീവിത ശൈലി രോഗ നിര്‍ണ്ണയ കണക്കെടുപ്പാണ് ആപ്ലിക്കേഷൻ വഴി നടത്തുന്നത്.
പുന്നേക്കാട്, ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് വിവര ശേഖരണം പൂർത്തിയാക്കിയത്. പുന്നേക്കാട് പഞ്ചായത്തിൽ 7380 പേരുടെയും ചേരാനല്ലൂർ പഞ്ചായത്തിലെ 18729 പേരുടെയും വിവരങ്ങൾ ശേഖരിച്ചു. തുറവൂർ, ചിറ്റാറ്റുകര, മണീട്, എടവനക്കാട് എന്നീ പഞ്ചായത്തുകളിൽ 80 ശതമാനം സർവേ കഴിഞ്ഞു.
ഇ -ഹെൽത്ത് കേരള വികസിപ്പിച്ച ശൈലി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി ആശാപ്രവർത്തകർ ഭവന സന്ദർശനം നടത്തിയാണ് 30 വയസ്സിന് മുകളിലുള്ളവരുടെ പ്രാഥമിക വിവരശേഖരണം നടത്തുന്നത്. ജില്ലയിൽ ഏകദേശം 2,40,000 പേരുടെ വിവരശേഖരണമാണ് ഇത്തരത്തിൽ പൂർത്തിയാക്കേണ്ടത്. വിവരശേഖരണത്തിനോടൊപ്പം തന്നെ രോഗസാധ്യതയുള്ളവരെ തൊട്ടടുത്ത ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്കോ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കോ തുടർ പരിശോധനയ്ക്കായി നിർദേശിക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമ്മർദ്ദം, വായിലെ ക്യാൻസർ, ഗർഭാശയമുഖ ക്യാൻസർ, സ്തനാർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിർണയം സൗജന്യമായി ചെയ്യാനും രോഗം ഉണ്ടെങ്കിൽ ചികിത്സ സ്വീകരിക്കാനും പദ്ധതി വഴി സാധിക്കും.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തഘട്ടത്തിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജീവിതശൈലി രോഗ സർവേ വ്യാപിപ്പിക്കും. സർവേ പൂർത്തിയാകുന്നതോടെ ജനങ്ങളുടെ ഇടയിലുള്ള ജീവിതശൈലിരോഗത്തിന്റെ തോത് മനസ്സിലാക്കി ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ഒരുക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയായ പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഹേതുക്കളെ കുറിച്ചുമുള്ള (Risk Factors) വിവര ശേഖരണം നടത്തുന്നതിന് ആശ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് ശൈലി ആപ്പിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ, ക്യാൻസർ എന്നിവയെക്കുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ആപ്പ് വഴി നടത്തുന്നത്. രോഗങ്ങളോടൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെ കുറിച്ചുള്ള ഒരു സ്‌കോറിംഗ് നടത്തുകയും സ്‌കോർ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീ രോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുവാൻ നിർദ്ദേശിക്കുകയും ചെയ്യും. ആശപ്രവർത്തക അവരുടെ നിയന്ത്രണത്തിലുള്ള എല്ലാ വീടുകളും സന്ദർശിച്ച് ഡേറ്റ എൻട്രി നടത്തും. ഇതിനായി ആശപ്രവർത്തകർക്ക് ഒരു ഇൻസെന്റീവും ആരോഗ്യവകുപ്പ് നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: കൃഷിയിടങ്ങളിൽ തീയിട്ടാൽ പിഎം കിസാൻ ആനുകൂല്യം ലഭിക്കില്ല..കൃഷിവാർത്തകൾ
Share your comments