നിരത്തുകളില്‍ വില്പ്പനയ്ക്കുവെച്ചിരിക്കുന്ന മാങ്ങകള്‍ക്ക് വിലപേശുന്ന ഒരു മലയാളിയുടെ ആദ്യചോദ്യം മിക്കപ്പോഴും ഇത് നാടനാണോ എന്നായിരിക്കും. മലയാളിയോളം നാട്ടുമാങ്ങകളിലെ വൈവിധ്യം അറിഞ്ഞിട്ടുള്ള നാട്ടുകാര്‍ കുറവാണ്. ചന്ത്രക്കാരന്‍ മാങ്ങ, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, പഞ്ചാരവരിക്ക, കോട്ടുകോണം, നീലം, വെള്ളരി, പുളിയന്‍, കപ്പമാങ്ങ, ഗോമാങ്ങ, ചക്കരമാങ്ങ, ചിരിമാങ്ങ, ചോപ്പന്‍, കയ്പന്‍, കിളിമാങ്ങ, മധുരപ്പുളിയന്‍, വെള്ളമാങ്ങ, വെള്ളംകൊള്ളി മാങ്ങ തുടങ്ങി നൂറുകണക്കിനു നാട്ടുമാങ്ങാരുചികളാല്‍ സമ്പന്നമായിരുന്നു കേരളം.
എന്നാല്‍, കേരളത്തില്‍ നാട്ടുമാവുകള്‍ വലിയതോതില്‍ കുറയുകയാണെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാല അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്. അന്യമാകുന്ന നാട്ടുമാമ്പഴങ്ങളുടെ രുചി നിലനിര്‍ത്താന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ് കാര്‍ഷിക സര്‍വ്വകലാശാല.
രുചിയിലും ഗുണത്തിലും ഗന്ധത്തിലും വലുപ്പത്തിലും മുമ്പനായ കര്‍പ്പൂരമാങ്ങ സംബന്ധിച്ച ഗവേഷണം സദാനന്ദപുരത്തുള്ള കൊല്ലം ജില്ലാ കാര്‍ഷികവിജ്ഞാനകേന്ദ്രത്തില്‍ തുടങ്ങി. മികച്ച കര്‍പ്പൂരമാവുകള്‍ കണ്ടെത്തി ഏറ്റവും മികച്ചതില്‍നിന്ന് വിത്തിനങ്ങളുണ്ടാക്കും. പ്രൊഫസര്‍ ബിന്ദു പൊടിക്കുഞ്ഞിന്റെ നേതൃത്വത്തിലാണ് ഗവേഷണം. കൊല്ലം ജില്ലയില്‍മാത്രം 130 കര്‍പ്പൂരമാവുകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലെ മാവുകള്‍ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.
കണ്ണിമാങ്ങാപ്പരുവം മുതല്‍ വേറിട്ട രുചികളില്‍ ആസ്വാദ്യമാവുന്ന നാട്ടുമാങ്ങകള്‍ക്ക് പകരം വെയ്ക്കാവുന്ന പഴങ്ങളില്ല. നാരും മാംസവും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങള്‍ രുചിയോടൊപ്പം പോഷക സമൃദ്ധവുമാണ്. വലുപ്പവും നിറവുമുള്ള പുതിയ ഇനം മാവുകളില്‍ നാരുകള്‍ കുറവാണ്. സങ്കരയിനങ്ങളുടെയും വിദേശ ഇനങ്ങളുടെയും വരവോടെയാണ് നാട്ടുമാവുകള്‍ അപ്രത്യക്ഷമായത്.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കര്‍പ്പൂരമാവുള്ള കര്‍ഷകര്‍ വിവരങ്ങള്‍ കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ അറിയിക്കണം. നമ്പര്‍: 8137840196.
Share your comments