
പാറശാല മണ്ഡലത്തിലെ എല്ലാ സ്മാർട്ട് വില്ലേജ് ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റി. മണ്ഡലത്തിലെ പുതിയ 3 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. അമ്പൂരി, വെള്ളറട, കൊല്ലയിൽ എന്നിവിടങ്ങളിൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ വാർത്തകൾ: നിക്ഷേപസൗഹൃദ കേരളത്തിന് വാണിജ്യബാങ്കുകളുടെ പിന്തുണ വേണം: മുഖ്യമന്ത്രി


റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓഫീസുകളുടെ പണി പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഓഫീസുകളിൽ റെക്കോർഡ് റൂം, സന്ദർശകമുറി, അന്വേഷണ മുറി, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമായാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.

ഇതോടൊപ്പം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിലെ മുഴുവൻ സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി ഇ-ഓഫീസ് ഉപകരണങ്ങളും വിതരണം ചെയ്തു. ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതോടെ ഫയലുകൾ സുതാര്യമായും വേഗത്തിലും തീർപ്പാക്കൻ കഴിയും. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും ജില്ലാ തലത്തിലും സംസ്ഥാനത്തിലും മോണിറ്റർ ചെയ്യാനും സാധിക്കും. പൊതുജനങ്ങൾക്ക് കത്തുകൾ, അപേക്ഷകൾ തുടങ്ങിയവ ഇ-മെയിലിലൂടെ സമർപ്പിക്കാം. ഫയലുകൾ ട്രാക്ക് ചെയ്യാനും ഇതിലൂടെ കഴിയും.

സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങുകളിൽ കെ. ആൻസലൻ എംഎൽഎ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജ് മോഹനൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ്, അമ്പൂരി, വെള്ളറട, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Share your comments