ചേർത്തല: എസ് എൻ വി സ്കൂളിലെ കുട്ടിക്കർഷകർക്ക് നാടൻ പച്ചക്കറിയുടെ മേന്മയറിയാം. അതിനാൽ ഇത്തവണയും അവർ കൃഷി മുടക്കിയില്ല. നിലമൊരുക്കി പച്ചിലയും ചാരവും ചാണകവും വെള്ളവു മൊഴിച്ച് പരിപാലിച്ചതിന്റെ ഫലമായി പടവലം സ്കൂൾ മുറ്റം നിറയെ. കൂടെ ചീരയും പീച്ചിലും പാവലും.
കൂട്ടികളോടൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമായ ശിവദാസൻ എന്ന ദാസൻ ചേട്ടനും കൂടിയാകുമ്പോൾ പിന്നെ കൃഷിയുടെ കാര്യത്തിൽ എസ് എൻ വി സ്കൂൾ ആരുടെയും പിന്നിലാകില്ല. രാവിലെയോ ഉച്ചകഴിഞ്ഞോ ഒക്കെ സമയം പോലെ കുട്ടികൾ കൃഷിസ്ഥലത്തെത്തും. ടീച്ചർമാരും കൂടെയെത്തും.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോകും. ഇത്തവണ 2 ക്വിന്റൽ പടവലം സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. ബാക്കി വിൽപന നടത്തി ക്കിട്ടിയ തുക അടുത്ത കൃഷിക്കായി ഉപയോഗിക്കും. വളത്തിനുള്ള ചാണകം വാങ്ങുകയാണ് ചെയ്യുന്നത്. ദാസൻ ചേട്ടൻ തന്നെയാണ് പച്ചക്കറി പുത്തനമ്പലം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നത്. ടീച്ചർമാരും ഈ നാടൻ പച്ചക്കറികൾ വാങ്ങി വീട്ടിൽ കൊണ്ടു പോകും.
പലതവണ കൃഷിയിൽ സ്കൂളും കുട്ടികളും അവാർഡുകൾ നേടിയതിൽ അത്ഭുതമില്ല. ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളും കൃഷിയിലും മത്സരിക്കുന്നു. ഭാവിതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും എങ്ങനെ കൃഷി ചെയ്യണമെന്നറിയാനും അതിലുപരി വിഷമില്ലാത്ത ഭക്ഷണം കഴിക്കാനാകുന്നു. എന്തുകൊണ്ടും ആരോഗ്യകരമായ ഈ മത്സരം ഒരു നേട്ടമാണ്.
Share your comments