<
  1. News

മത്സ്യത്തൊഴിലാളികൾക്കുള്ള സ്‌നേഹ തീരം പദ്ധതിക്ക് തുടക്കം: വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിലെന്ന് മന്ത്രി വി.എൻ വാസവൻ

വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും ചെലവ് ചുരുക്കിയും തിരിച്ചടവ് തുക കണ്ടെത്താനുള്ള കഴിവ്, സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേക സംസ്‌കാരമായി സമൂഹം വിലയിരുത്തുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ പ്രശംസിച്ചു.

Anju M U
loans
വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിലെന്ന് മന്ത്രി വി.എൻ വാസവൻ

വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മികവുപുലർത്തുന്നതും മുന്നിൽനിൽക്കുന്നതും സ്ത്രീകളാണെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 100 ദിന കർമ്മപദ്ധതിയിലൂടെ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കുമരകത്ത് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വയംസഹായ സംഘങ്ങളിൽ നിന്നുമൊക്കെ എടുക്കുന്ന വായ്പകൾ മുടക്കമില്ലാതെ തിരിച്ചടയ്ക്കണമെന്ന നിലപാടുകാരാണ് സ്ത്രീകൾ.

വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും ചെലവ് ചുരുക്കിയും തിരിച്ചടവ് തുക കണ്ടെത്താനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേക സംസ്‌കാരമായാണ് സമൂഹം വിലയിരുത്തുന്നത്.

അമിതമായി പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ പിടിയിൽ നിന്ന് തീരദേശ-ഉൾനാടൻ മത്സ്യമേഖലയിലുള്ളവരെ മോചിപ്പിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ലളിതമായ രീതിയിൽ സഹായം ലഭ്യമാക്കാൻ സ്‌നേഹതീരം പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് അനുവദിച്ച തുകയുടെ ചെക്ക് വിതരണവും മന്ത്രി നിർവഹിച്ചു. ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ പദ്ധതി വിശദീകരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമപഞ്ചായത്തംഗം വി.സി. അഭിലാഷ്, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവൻ, എ.വി. തോമസ്, ഫിലിപ്പ് സ്‌കറിയ എന്നിവർ പങ്കെടുത്തു.

മത്സ്യബന്ധന-വിപണന-സംസ്‌ക്കരണ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് പദ്ധതി. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ സാഫുമായി ( സൊസൈറ്റി ഫോർ അസിസ്റ്റൻസ് റ്റു ഫിഷർ വുമൺ) ചേർന്നാണ് പദ്ധതി നടപ്പാക്കുക. സാഫിൽ അംഗത്വമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി.

ബന്ധപ്പെട്ട വാർത്തകൾ: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

സംഘം തലത്തിൽ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും താലൂക്ക് തലത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും സംസ്ഥാനതലത്തിൽ സഹകരണ വകുപ്പ് മന്ത്രി ചെയർമാനായും സഹകരണസംഘം രജിസ്ട്രാർ കൺവീനറായുമുള്ള മോണിറ്ററിംഗ് കമ്മിറ്റികൾ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കും.

English Summary: Sneha Theeram Project For Fishermen Launched: Minister VN Vasavan Said That Women Are Ahead Of Paying Back Loans

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds