ശീതീകരണ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴാകുന്നത് ഇന്ത്യന്‍ കാര്‍ഷികമേഖല നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മദ്രാസ് ഐഐടി യിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ടാന്‍90. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശിതീകരണസംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ ഉപകരണത്തില്‍ 300 കിലോ മുതല്‍ 500 കിലോ വരെ സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ശിതീകരണ സംവിധാനങ്ങളുടെ കുറവ് മൂലം വേനല്‍കാലത്ത് 25-30 ശതമാനം വരെ പാലുല്‍പ്പന്നങ്ങളാണ് രാജ്യത്ത് പാഴായിപ്പോകുന്നത്. ഇതിന് പരിഹാരം കാണാന്‍ പദ്ധതിക്കാകും. കൂടാതെ, പ്രതിവര്‍ഷം 92,000 കോടിയിലധികം പഴങ്ങളും പച്ചക്കറികളും പാഴായിപ്പോകുന്നത് തടയാമെന്നും അധികൃതര്‍ പറയുന്നു.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സോളാര്‍ ഗ്രാമമായ മദുരാന്തകത്താണ് ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്. മുരുഗപ്പാ ചെട്ടിയാര്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്.
Share your comments