
സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 2.25 കോടി, തൃശൂർ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി 1.01 കോടി, വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രം 1.40 കോടി, കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം 62.60 ലക്ഷം, ആന്റി റാബിസ് ക്ലിനിക്കുകൾ 1.99 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ട്രൈബൽ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
ട്രൈബൽ മേഖലയോട് ചേർന്നുള്ള കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 16 സ്ലൈസ് സിടി സ്‌കാനിംഗ് മെഷീൻ വാങ്ങുന്നതിനാണ് തുകയനുവദിച്ചത്. റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐപി കെട്ടിട നിർമ്മാണത്തിനാണ് തുകയനുവദിച്ചത്. തൃശൂർ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേർന്നുള്ള വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനാണ് തുകയനുവദിച്ചത്. ട്രൈബൽ മേഖലയോട് ചേർന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡ്രഗ് സ്റ്റോർ നവീകരിക്കും. വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒപി നവീകരിക്കുന്നതിനും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിനുമാണ് തുകയനുവദിച്ചത്.
സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അട്ടപ്പാടിയ്ക്കായി സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കി. 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെൻട്രിക കൂട്ട' എന്ന പേരിൽ ഓരോ അങ്കണവാടികളുടേയും കീഴിൽ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ യൂണിറ്റ് നവീകരിക്കുന്നതിനായി 65.47 ലക്ഷം രൂപ അനുവദിച്ചു. 1.13 കോടി രൂപ ചെലവഴിച്ചുള്ള 6 കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അട്ടപ്പാടി മേഖലയിലെ എല്ലാ സബ് സെന്ററുകളേയും ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി വരുന്നു. ഡയാലിസിസ് യൂണിറ്റ്, കീമോ തെറാപ്പി സെന്റർ എന്നിവ സജ്ജമാക്കുന്നതിന് 7.40 കോടി രൂപ അനുവദിച്ചു. ഇത് കൂടാതെയാണ് കൂടുതൽ തുകയനുവദിച്ചത്.
6.14 ലക്ഷം രൂപ വീതം ചെലവഴിച്ച് വയനാട് ബത്തേരിയിലും വൈത്തിരിയിലും ആന്റിനെറ്റൽ ട്രൈബൽ ഹോം നിർമ്മിച്ചു. ഗർഭിണികളായ ആദിവാസികളെ കുടുംബ സമേതം താമസിപ്പിച്ച് പ്രസവ ശുശ്രൂക്ഷ നൽകാൻ വേണ്ടി നിർമ്മിച്ചതാണ് ഇത്തരം ഹോമുകൾ. ഇതുകൂടാതെ 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടി ടി.ബി. സെല്ലും സജ്ജമാക്കി. 45 ശതമാനത്തോളം ആദിവാസി വിഭാഗമുള്ള നൂൽപ്പുഴയിൽ വലിയ ചികിത്സാ സംവിധാനങ്ങളൊരുക്കി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സഹായത്തോടെ ഫിസിയോതെറാപ്പി ആരംഭിച്ചു. ആദിവാസി ഗർഭിണികൾക്കായുള്ള പ്രസവപൂർവ പാർപ്പിടം 'പ്രതീക്ഷ' സജ്ജമാക്കി.
ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ ആശുപത്രികളിൽ തസ്തികൾ അനുവദിച്ച് പ്രവർത്തനമാരാംഭിക്കാൻ നടപടി സ്വീകരിച്ചു. ട്രൈബൽ മേഖലയിലുൾപ്പെടെയുള്ള അനീമിയ രോഗ പ്രതിരോധത്തിനായി സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് 'വിവ' എന്ന പേരിലുള്ള കാമ്പയിനിൽ ട്രൈബൽ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: കൃഷിയിടങ്ങളിൽ തീയിട്ടാൽ പിഎം കിസാൻ ആനുകൂല്യം ലഭിക്കില്ല..കൃഷിവാർത്തകൾ
Share your comments