സംസ്ഥാനത്തെ തെങ്ങുകളുടെ പരിപാലനവും തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണവും വിപണനവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക പ്രോട്ടോക്കോള്‍ നിശ്ചയിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായ നാളികേര വികസന കൗണ്‍സിലിൻ്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ഉല്‍പ്പാദനം, നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, കയര്‍ സംസ്‌കരണം, കേരഗ്രാമങ്ങളുടെ വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെയും സഹകരണത്തോടെയും നടപ്പിലാക്കും.
സംസ്ഥാനത്തെ കേര മേഖലയുടെ സമഗ്ര വികസനത്തിനായി 2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഒരു ബൃഹത് പദ്ധതിയാണ് നാളികേര വികസന കൗണ്‍സിലിൻ്റെ രൂപീകരണം വഴി തയ്യാറാക്കിയിട്ടുള്ളത്. തെങ്ങുകൃഷിയുടെ വിസ്തൃതി, ഉല്‍പ്പാദനം, ഉല്‍പ്പാദന ക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, കര്‍ഷക ഉല്‍പ്പാദക കമ്പനികളുടെ സഹകരണത്തോടെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പദ്ധതിയില്‍ മുന്‍ഗണന നല്‍കും.അടുത്ത 10 വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതയതെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം (സിപിസിആര്‍ഐ), കേരള കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്ര കൃഷി - മന്ത്രാലയത്തിനു കീഴിലുള്ള .മറ്റ് സ്ഥാപനങ്ങള്‍, സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ്, അത്യുല്‍പ്പാദന ശേഷിയുള്ള മികച്ചയിനം തെങ്ങിന്‍തൈകള്‍ വികസിപ്പിച്ചെടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.ഇപ്രകാരം വിതരണം ചെയ്യുന്ന തെങ്ങിന്‍തൈകള്‍ ടാഗ് ചെയ്ത് ജനുസ്സിനെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് മനസ്സിലാക്കാവുന്ന സാങ്കേതിക വിദ്യ കൂടി ഉപയോഗപ്പെടുത്തും. തെങ്ങുകയറ്റത്തിനുള്ള ആധുനിക യന്ത്രങ്ങള്‍ എത്രയും വേഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
Share your comments