സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യ റെക്കോഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 8% വളര്‍ച്ചയാണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖല സ്വന്തമാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷം 17,929.55 കോടി രൂപയുടെ 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ കണക്കുപ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരുശതമാനത്തിൻ്റെ വര്‍ധന രേഖപ്പെടുത്തി. 2017-18ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ചത് 2,781.46 ദശലക്ഷം ഡോളര്‍ വരുമാനമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയത്. 17,665.10 കോടി രൂപ (2,636.58 ദശലക്ഷം ഡോളര്‍) മൂല്യം വരുന്ന 10,23,000 ടണ്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, അളവിലും മൂല്യത്തിലും ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് കയറ്റുമതി കടന്നു. ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ കറിപ്പൊടി, പേസ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണകള്‍, സത്തുകള്‍ എന്നിവയുടെ അളവിലും മൂല്യത്തിലും വര്‍ധനയുണ്ടായി. മുളക്, മല്ലി, സെലറി, ജാതിക്ക, ജാതിപത്രി എന്നിയുടെ കയറ്റുമതി അളവില്‍ വര്‍ധനയുണ്ടായപ്പോള്‍ പുതിന കയറ്റുമതിമൂല്യത്തില്‍ വര്‍ധന കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 609.08 കോടി രൂപ വിലവരുന്ന 5,680 ടണ്‍ ഏലമാണ് കയറ്റുമതി ചെയ്തത്. 2016-17ല്‍ 3,850 ടണ്ണായിരുന്നു. അളവില്‍ 48 ശതമാനത്തിന്റെയും മൂല്യത്തില്‍ 45 ശതമാനത്തിന്റെയും വളര്‍ച്ചയാണുണ്ടായത്.
ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനമെന്ന ഖ്യാതി മുളക് നിലനിര്‍ത്തി. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടണ്‍ മുളകാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്തത്. 3,228,35 കോടി രൂപ മൂല്യംവരുന്ന 21,500 ടൺ പുതിന ഉൽപ്പന്നങ്ങളും ഈ വർഷം കയറ്റുമതി ചെയ്തു. മൂല്യത്തിൽ 28 ശതമാനം വർധന. 2,418 കോടി രൂപയുടെ 1,43,670 ടൺ ജീരകം കയറ്റുമതി ചെയ്തു. 309.36 കോടി രൂപ വിലവരുന്ന 46,980 ടൺ വെളുത്തുള്ളിയും കയറ്റുമതി ചെയ്തു. മൂല്യവർധിത ഉൽപ്പന്നങ്ങളായ കറിപ്പൊടി/പെയ്സ്റ്റ് എന്നിവ കഴിഞ്ഞ സാമ്പത്തികവർഷം 30,150 ടൺ കയറ്റുമതി ചെയ്തു. 616.20 കോടി രൂപയാണ് ഇതിൽനിന്നു ലഭിച്ചത‌്. സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവിൽ 42 ശതമാനവും മൂല്യത്തിൽ 15 ശതമാനവും വർധനയുണ്ടായി.
Share your comments