കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി പശുക്കളെ മാത്രം വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ് മൊയ്തുവും ഭാര്യ നബീസയും. ഏഴ് പശുക്കളുണ്ടായിരുന്ന ഇവര്‍ ദിവസം അന്‍പതു ലിറ്ററോളം പാല്‍, തരിയോട് ക്ഷീര സംഘത്തില്‍ വില്‍ക്കുന്നുണ്ടായിരുന്നു. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും മകന്‍ അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപോന്നിരുന്നത്. പ്രളയദുരന്തത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോഴേക്കും വീടും തൊഴുത്തും ഏഴ് പശുക്കളും കണ്ണില്‍ നിന്നും മറഞ്ഞു പോയിരുന്നു. ഏറെ കാലത്തെ അധ്വാനവും സമ്പാദ്യവും, മണ്ണിടിഞ്ഞു കിടക്കുന്ന മണ്‍കൂന മാത്രമായി മാറി. ഒരു വീടും തൊഴുത്തും കുറച്ച് പശുക്കളും ഉണ്ടായിരുന്നതിനു, ഒരു സൂചന പോലും, ഇവിടെ അവശേഷിച്ചിട്ടുമില്ല. പശുക്കളുടെ ജഡങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നുമാണ് ദിവസങ്ങള്‍ക്ക് ശേഷം കിട്ടിയത്. ഉരുള്‍പൊട്ടിയത് പകല്‍സമയത്ത് ആയതിനാല്‍ ആളപായം ഒഴിവായി എന്ന ആശ്വാസം മാത്രമായിരുന്നു ഇവര്‍ക്ക്.
'വയനാട്ടില്‍ നിരവധി പശുക്കള്‍ ചത്തുപോയി. പല കര്‍ഷകര്‍ക്കും പകരം ഒന്നിനെ വാങ്ങാന്‍ നിവൃത്തിയില്ല. തകര്‍ന്ന വീട്, ഗൃഹോപകരണങ്ങള്‍, കൃഷി എന്നിവയുടെ കൂടെ കന്നുകാലികളുടെ നഷ്ടം കൂടി കര്‍ഷകര്‍ക്കു താങ്ങാന്‍ കഴിയില്ല. മൊയ്തുക്കയുടെ ദുരിതം കണ്ട മടങ്ങിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ്, ആ ക്ഷീരകര്‍ഷകനെ മടക്കിയെടുക്കണമെന്നത്' എന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഓഫീസര്‍ വി. എസ്. ഹര്‍ഷയുടെ വാക്കുകള്‍. പശുവിനെ നഷ്ടപ്പെട്ട ഇതുപോലെയുള്ള കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങി നല്‍കുന്നത് ഒരു സഹായമാണെന്നും അവര്‍ പറഞ്ഞു. ഒരു നല്ല പശുവിനു 55000-70000 വരെയെങ്കിലും വിലയുണ്ട്. ഈ മാതൃക പിന്‍തുടര്‍ന്ന് ആരെങ്കിലും മറ്റു കര്‍ഷകരെയും സഹായിക്കും എന്ന വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസവിച്ചു ഒമ്പത് ദിവസങ്ങള്‍ ആയ, 16 ലിറ്ററോളം പാല്‍ ദിവസവും ലഭിക്കുന്ന പശുവിനെദുരന്തംനടന്നു ഒരു മാസത്തിനുള്ളില്‍ തന്നെ മൊയ്തുവിന്റെ വീട്ടിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് വയനാട്ടിലെ ക്ഷീര മേഖല. പശുവിനെ നല്‍കിയതിനോടൊപ്പം തരിയോട് ക്ഷീരസംഘം പ്രതിനിധികള്‍, കാലിത്തീറ്റ, വൈക്കോല്‍, പച്ചപ്പുല് എന്നിവയും നല്‍കി.
മൊയ്തുവിനെപ്പോലെ ഇത്തരത്തിലുള്ള നിരവധി കര്‍ഷകരുണ്ട് വയനാട്ടില്‍. ഇവര്‍ക്ക് ഇനിയും പശുക്കളെ വേണം. ഇവരെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ മുന്നോട്ട് വരുമെന്ന ശുഭപ്രതീക്ഷയിലാണ് വയനാട് ക്ഷീരമേഖല.
Dhanya, krishi Jagaran
Share your comments