
തൃശ്ശൂർ ജില്ലയിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ പൂർണ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ഗ്രാമപഞ്ചായത്ത് തലത്തില്‍ തൃശ്ശൂർ ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഇന്റലിജന്റ് പഞ്ചായത്താകാന്‍ ഒരുങ്ങുകയാണ് ശ്രീനാരായണപുരം. ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും സേവനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇന്റലിജന്റ് പഞ്ചായത്ത്.
ചരിത്രം, വ്യക്തിഗത ഡാറ്റകള്‍, റോഡുകള്‍, തോടുകള്‍, പാലങ്ങള്‍, ജലസംഭരണ കേന്ദ്രങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, തുടങ്ങിയവയുടെ ഡ്രോണ്‍ ഇമേജ് സഹിതമുള്ള വിശദവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 30 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിക്കുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദേശവാസികളുടെ വിവരങ്ങള്‍, കെട്ടിടങ്ങളുടെ ചുറ്റളവ്, ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, റോഡ്, പാലം, കലുങ്ക്, മറ്റു ലാന്റ്മാര്‍ക്കുകള്‍, വാട്ടര്‍ പൈപ്പ്ലൈന്‍, വൈദ്യുതി ലൈനുകള്‍ തുടങ്ങി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിവരങ്ങളും അതാത് ലൊക്കേഷനില്‍ ഡിജിറ്റലായി ശേഖരിക്കും.
ഡ്രോണ്‍, ജിപിഎസ്, ഡിജിപിഎസ്, ജിഐഎസ്, പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഡ്രോണ്‍ സര്‍വ്വേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവന്‍ ഭൂപ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങള്‍ ലഭ്യമാകുന്നു. ഭൗമവിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിവരങ്ങളും ലൊക്കേഷന്‍ അധിഷ്ഠിതമായി ഡിജിറ്റലായി സൂക്ഷിക്കാന്‍ ഇത് കൊണ്ട് സാധിക്കും. ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സംവിധാനം വഴി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ഡ്രൈനേജ് എന്നിവയുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യാനുസരണം തിരയാന്‍ സൗകര്യപ്പെടും വിധം വെബ്പോര്‍ട്ടലിലും ഒരുക്കിയിട്ടുണ്ട്.
അധികാര പരിധിയില്‍ വരുന്ന പ്രകൃതി-മനുഷ്യ വിഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും.
തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 6ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇന്റലിജന്റ് പഞ്ചായത്ത് പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: ദേശീയ തലത്തിൽ പുരസ്‌കാരത്തിളക്കവുമായി വീണ്ടും കേരളം
Share your comments