തൊഴില്‍-നൈപുണ്യവികസനത്തിന്റെ ഭാഗമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് കേരളത്തിലും പുറത്തുമുള്ള അഭ്യസ്തവിദ്യരായ മലയാളികളെ തൊഴിലന്വേഷണത്തിന് സഹായിക്കുന്നതിനായി തയാറാക്കിയിട്ടുള്ള ഏക ജാലക സംവിധാനമായ ജോബ് പോര്‍ട്ടല്‍.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയത്. തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ജോബ് പോര്‍ട്ടലിനെക്കുറിച്ചുള്ള അവതരണം കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ നിര്‍വഹിച്ചു.
പോര്‍ട്ടലിന് ലിങ്കിട് ഇൻ എന്ന നെറ്റ്‌വര്‍ക്കിംഗ് സൈറ്റുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ലിങ്ക്ഡ്-ഇന്‍ ഇന്ത്യ മേധാവി സെറാജ് സിംഗ് വിവരിച്ചു. തൊഴിലന്വേഷകര്‍, തൊഴില്‍ദാതാക്കള്‍, തൊഴിലവസരങ്ങള്‍ എന്നിവയടങ്ങിയ ഡേറ്റാബേസ് പോര്‍ട്ടലില്‍ ലഭ്യമാക്കും. തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്ത് തങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടുപിടിക്കാം. തൊഴില്‍ദാതാവിന് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി തങ്ങള്‍ക്ക് യോജിച്ച ഉദ്യോഗാര്‍ത്ഥിയെയും കണ്ടെത്താവുന്നതാണ്.
കേരള പിഎസ്‌സിയുടേതൊഴിച്ച് അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല എന്നിവയിലെ എല്ലാ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. സര്‍വകലാശാലകളും സര്‍ക്കാര്‍ വകുപ്പുകളും തൊഴില്‍ നൈപുണ്യവുമായി ബന്ധപ്പെട്ട സ്‌കില്‍ റജിസ്ട്രി തയാറാക്കി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനു സഹായിക്കും. കാഷ്വല്‍ ജോലിക്കായുള്ള സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ്, ജോബ് ഫെയര്‍, മറ്റു പോര്‍ട്ടലുകളുമായുള്ള സംയോജനം, കൗണ്‍സലിംഗ് എന്നീ സൗകര്യങ്ങളും പോര്‍ട്ടലിലുണ്ടായിരിക്കും. www.statejobportal.com .
Share your comments