കുഞ്ഞുങ്ങളുടെ ആരോഗ്യ കരുതലിൽ പുതുചുവട് വെച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ ന്യൂബോൺ കെയർ യൂണിറ്റ് (MNCU) കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ആരംഭിച്ചു. നവജാത ശിശുക്കളുടെ ചികിത്സയിലും പരിചരണത്തിലും നാഴികകല്ലാവുന്ന പദ്ധതിയാണ് മദർ ന്യൂബോൺ കെയർ യൂണിറ്റ്. സംസ്ഥാന സർക്കാർ, ദേശിയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ആരംഭിച്ച സംവിധാനമാണിത്.
എം.എൻ.സി.യുവിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാർക്ക് കിടക്കാൻ 8 കിടക്കകളും, കുഞ്ഞുങ്ങൾക്കായി വെന്റിലേറ്റർ, വാമർ, ഫോട്ടോതെറാപ്പി, മൾട്ടിപ്പാര മോണിറ്റർ, എന്നിവയെല്ലാം ചേർന്ന് 8 ഐ.സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. ലെവൽ 1, ലെവൽ 2 മുറികളിലായി നവജാത ശിശുക്കളുടെ പരിചരണത്തിനായി 12 ബേബി വാമറുകൾ സ്ഥാപിക്കുന്നതിന് വേണ്ട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൗൺസിലിംഗ് മുറിയും സ്റ്റാഫുകൾക്ക് ആവശ്യമായ സൗകര്യങ്ങളും മദർ ന്യൂബോൺ കെയർ യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.
എൻ.എച്ച്.എം ആർ.ഒ.പി 2021-22 ൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. തീവ്രപരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുന്ന എം.എൻ. സി.യു സംവിധാനത്തിലൂടെ മാതൃ-ശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം നവജാത ശിശു പരിചരണവും കരുതലും മുലയൂട്ടലും കൂടുതൽ ശക്തമാകും. ഇത് കുഞ്ഞിന്റെ അതിവേഗത്തിലുള്ള രോഗ മുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കും.
ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ MNCUവിലൂടെ സാധിക്കും: മന്ത്രി വീണ ജോർജ്ജ്
നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മദർ -ന്യൂബോൺ കെയർ യൂണിറ്റിലൂടെ (എം.എൻ.സി.യു) സാധിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ-ന്യൂബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവജാത ശിശു സംരക്ഷണത്തിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സാധിക്കുമെന്നും അതിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഐ.എം.സി.എച്ചിൽ ഒരുങ്ങുന്ന ലേബർ റൂം പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇത് വൈകാതെ തന്നെ ഉദ്ഘാടനം ചെയ്യും. വർഷത്തിൽ 6000ത്തോളം പ്രസവം നടക്കുന്ന ഐ.എം.സി.എച്ചിൽ സുപ്രധാനമായ വിവിധ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇത് മികച്ച രീതിയിൽ ജനങ്ങൾക്ക് ഉപകാരപ്പെടും. ഏറ്റവും ശാസ്ത്രീയമായി ഐ.എം.സി.എച്ചിൽ ആരംഭിച്ച മുലപ്പാൽ ബാങ്ക് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ സേവനം പുറത്തേക്ക് കൂടി ലഭ്യമാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എം.സി.എച്ചിലെ നിള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡി.എം.ഇ ഡോ.തോമസ് മാത്യു, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ഡി.എം.ഒ ഇൻ ചാർജ് ഡോ. പീയുഷ് എം തുടങ്ങിയവർ സംസാരിച്ചു.എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ നവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.വി ഗോപി സ്വാഗതവും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാർ നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് മേധാവികൾ, ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ വിഹിതം 10-ാം തീയതി വരെ വാങ്ങാം: മന്ത്രി ജി.ആർ.അനിൽ
Share your comments