
കരയിൽ ചൂടുകൂടുന്നപോലെതന്നെ കടലും ചുട്ടുപൊള്ളിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനത്തിൽ കണ്ടെത്തി. ഭൂമിയിലെ ജലാശയങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പിടിയിലാണ്. സമുദ്രത്തിൻ്റെ ഉപരിതലത്തിൽ മാത്രമായിരുന്നു പണ്ടൊക്കെ ചൂടെങ്കിൽ ഇപ്പോൾ സമുദ്രാന്തർഭാഗവും ചൂടുപിടിക്കുകയാണ്.
ഇത് കടൽ ജീവികൾക്ക് വലിയ ഭീഷണിയാണ്. കഴിഞ്ഞ നാല് വർഷങ്ങൾ ലോകം കണ്ടതിൽ വെച്ചേറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ വർഷങ്ങളായിരുന്നു. ഇതുകൂടാതെ,കഴിഞ്ഞ വർഷം സമുദ്രത്തിൽ നിന്ന് 700 മീറ്റർ (2,290 അടി) ആഴത്തിലുള്ള താപനില പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 1955 മുതലുള്ള കണക്കുകളാണ് യുഎൻ കാലാവസ്ഥാ ഏജൻസിയായ ഡബ്ള്യൂ.എം.ഒയുടെ പക്കൽ ഉള്ളത്. 2000 മീറ്റർ ആഴത്തിലുള്ള താപ നിലയും കഴിഞ്ഞ വർഷം റെക്കോർഡ് കടന്നു. എന്നാൽ 2000 മീറ്റർ ആഴത്തിലുള്ള താപനില രേഖപ്പെടുത്താൻ തുടങ്ങിയിട്ട് 14 വർഷമേ ആയിട്ടുള്ളൂ.
2018-ൽ മറികടന്നത് 2017-ലെ റെക്കോർഡാണ്. ഓരോ വർഷവും താപനില ഉയർന്നു കൊണ്ടിരിക്കുകയാണെന്നതിൻ്റെ ശക്തമായ സൂചനയാണിത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ (ഗ്രീൻ ഹൗസ് ഗ്യാസ്) മൂലം ഭൂമിക്ക് മുകളിൽ ഉണ്ടാകുന്ന ചൂടിന്റെ 93 ശതമാനവും ലോകത്തെ സമുദ്രങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. തെക്കൻ സമുദ്ര ഭാഗങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ.ചൂടുകൂടുമ്പോൾ ജലത്തിന്റെ നിരപ്പ് ഉയരുന്ന പ്രതിഭാസമാണ് തെർമൽ എക്സ്പാൻഷൻ. ഈ സ്ഥിതി തുടർന്നാൽ തെർമൽ എക്സ്പാൻഷൻ മൂലം സമുദ്രനിരപ്പ് 12 ഇഞ്ച് (30 സെന്റീമീറ്റർ) വർധിക്കുമെന്നാണ് പഠനം പറയുന്നത്.
Share your comments