സംസ്ഥാന ഫലമായി അംഗീകാരം നേടിയ ചക്ക ദേശീയ കാര്‍ഷിക നയ രൂപീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായ ഡോക്ടര്‍ ചന്ദ്ര ഗൗഡ പറഞ്ഞു. പാരിസ്ഥിതികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കാന്‍ ചക്കയ്ക്ക് കഴിയും. തിരുവല്ല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചക്ക ശില്പശാലയിലാണ് ഡോക്ടര്‍ ചന്ദ്ര ഗൗഡ ഇക്കാര്യം പറഞ്ഞത്.
ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന വൃക്ഷമാണ് പ്ലാവ്. അതുകൊണ്ടുതന്നെ പ്ലാവ് കൃഷി, പരിപാലനം, മൂല്യവര്‍ദ്ധനവ്, ഉല്പന്ന ഗുണമേന്മ, സാങ്കേതിക വിദ്യകള്‍, ജെം പ്ലാസം വിപണി എന്നീ മേഖലയില്‍ വിശദമായ ഗവേഷണ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്.
ദേശീയ കര്‍ഷക നയ രൂപീകരണത്തില്‍ ചെറിയ ഫലമായ ചക്ക പലപ്പോഴും പരിഗണിക്കപ്പെട്ടിരുന്നില്ല. വലിയ ഫലങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതോടെ മാത്രമേ ഈ മേഖലയുടെ സമഗ്ര വികാസത്തിന് കേന്ദ്ര പദ്ധതികള്‍ ഉണ്ടാകുകയുള്ളു. പ്രമേഹത്തിനും കാന്‍സറിനും പച്ച ചക്ക മരുന്നാണ് എന്ന് അനുഭവസ്ഥര്‍ പറയുമ്പോള്‍ ശാസ്ത്രീയ പഠനം നടത്താന്‍ കേന്ദ്ര നടപടി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ ഇടപെടല്‍ ഈ മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചക്ക് കരുത്തേകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Share your comments