പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. ശുചിത്വബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതികളുടെ പരിപാലനം കൃത്യമായി നടത്തുകയും നഗരസഭകൾ അത് പരിശോധിക്കുകയും വേണം. പരിസരശുചിത്വത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും സ്പീക്കർ വ്യക്തമാക്കി.
ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം. കൊടുങ്ങല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് പ്രയോജനമാകുന്ന ടൂറിസം പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, എ വി മുഹമ്മദ് അൻവർ, മുനിസിപ്പൽ എഞ്ചിനിയർ പി പി റിഷ്മ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കൂട്ടുങ്ങൽ ചത്വര പരിസരത്ത് നഗരസഭ 146 ചതുരശ്ര മീറ്ററിൽ ഇരുനിലകളിലായാണ് കെട്ടിടം പണിതിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കായി ടോയ്ലറ്റ്, യൂറിനൽ, ഫീഡിംഗ് റൂം, വിശ്രമകേന്ദ്രം, കഫേ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവും യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനവും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന 12ഇന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാർക്ക് വിശ്രമ കേന്ദ്രം, ലഘുഭക്ഷണം, ടോയ്ലറ്റ് സൗകര്യം, അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 11% വർദ്ധനവ്
Share your comments