1. അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചു പുതുതായി 45,127 പേർക്കു മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും അനർഹരുടെ കൈകളിലിരിക്കുന്ന റേഷൻ കാർഡ് കർശന നടപടികളിലൂടെ തിരിച്ചെടുത്ത് അർഹരായവർക്കു നൽകും. ഇതിനായുള്ള ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി കർശനമായി നടപ്പാക്കും. അനർഹമായി ആരെങ്കിലും മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം - ‘പടവ് 2024’ ഫെബ്രുവരി 16, 17 തീയതികളിലായി ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടത്തും. 2022-2023 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ് സി- എസ് റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള 'ക്ഷീരസഹകാരി’ അവാര്‍ഡിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച അപ്‌കോസ /നോണ്‍ അപ്‌കോസ് ക്ഷീരസംഘങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള 'ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ്’ നല്‍കുന്നതിനുള്ള അപേക്ഷകളും ക്ഷണിച്ചു. ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും ലഭിക്കും. ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്ഫോണ്‍- 0471 2445749, 2445799.
3. പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്. ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വില്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ നിർദേശം നൽകിയത്. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
4. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 25 ന് പോത്ത് കുട്ടി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0479 2457778, 0479 2452277, 8590798131.
Share your comments