തദ്ദേശഭരണ വകുപ്പുമായി കൈകോർക്കുന്ന സമഗ്ര ജനകീയപദ്ധതിക്ക് ഈ മാസം തുടക്കമിടും. വീട്ടുവളപ്പിൽ ഫിഷ് ടാങ്കിൽ മത്സ്യക്കൃഷി, പടുതാകുളത്തിലെ മത്സ്യക്കൃഷി, കൂടുകളിലെ മത്സ്യക്കൃഷി, കുളങ്ങളിൽ കരിമീൻ കൃഷി തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്. ഒരു നെല്ലും ഒരു മീനും പദ്ധതി വലിയതോതിൽ വിപൂലീകരിക്കും.
ഉൾനാടൻ മത്സ്യമേഖലയിൽ നാലുവർഷം കൊണ്ട് നാലുലക്ഷം ടൺ അധിക മത്സ്യോൽപ്പാദനം ലക്ഷ്യമിടുന്ന കർമപദ്ധതിക്ക് രൂപംനൽകിയതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ. വീട്ടുമുറ്റത്തൊരു മീൻകുളം എന്നതാണ് ലക്ഷ്യം. പൊതുമേഖലാ കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കാനാകുമെന്ന് അടച്ചുപൂട്ടൽ കാലത്തുതന്നെ ഉറപ്പാക്കിയതായും മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.
ഈവർഷം 1.84 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനമാണ് ഉൾനാടൻ മത്സ്യകൃഷി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കർമപദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും. കേരളീയർക്ക് പ്രിയ ഭക്ഷണമായ മത്സ്യം തദ്ദേശീയമായിത്തന്നെ ഉൽപ്പാദിപ്പിക്കണമെന്നാണ് കോവിഡ് മുന്നോട്ടുവയ്‌ക്കുന്ന ഒരു പാഠം. നല്ല മീൻ ഉറപ്പാക്കാൻ മത്സക്കൃഷി വ്യാപിപ്പിക്കും.
അതു പോലെ കേടായ മീൻ ഉയർത്തുന്ന ആരോഗ്യ വെല്ലുവിളികൾ ചിന്തിക്കാവുന്നതിനുമപ്പുറമാണ്.
കേരളത്തിലെത്തിച്ച് വിൽക്കാൻ ശ്രമിക്കുന്ന പഴകിയ മത്സ്യത്തിന്റെ അളവ് ഭയാനകമാണെന്നാണ് കോവിഡ് കാലത്ത് നടക്കുന്ന പരിശോധനകളുടെ ഫലം വെളിവാക്കുന്നത്. ഏതാണ്ട് ഒരുലക്ഷം കിലോയിലേറെ കേടായ മീനാണ് ഇക്കാലയളവിൽ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയായി മാറുക എന്നതാണ് കോവിഡുനുശേഷം ഫിഷറീസ് വകുപ്പിന്റെ മുഖ്യ ഉത്തരവാദിത്തം.
എട്ടു ലക്ഷത്തോളം മെട്രിക് ടൺ മത്സ്യമാണ് സംസ്ഥാനത്തിനാവശ്യം. ഉൽപ്പാദനത്തിൽ ഒന്നര ലക്ഷത്തോളം മെട്രിക് ടണ്ണിന്റെ കുറവ് ഇപ്പോഴുണ്ട്. ഇത് നികത്തുക.
മത്സ്യഫെഡ് മീൻ ലഭ്യമാക്കും.
എല്ലാ മണ്ഡലത്തിലും പരീക്ഷണാടിസ്ഥാനത്തിൽ ഒന്നുവീതം ഫിഷ് സ്‌റ്റാൾ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. നല്ല മീൻ ന്യായവിലയ്‌ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സഹകരണവകുപ്പും മത്സ്യഫെഡും പദ്ധതിയിൽ സഹകരിക്കും. സഹകരണ സംഘങ്ങൾക്കായിരിക്കും നടത്തിപ്പുചുമതല.
മത്സ്യത്തൊഴിലാളി മേഖലയിലെ ആകെ വരുമാന, ഉൽപ്പാദന നഷ്ടം 1371 കോടി രൂപയാണ്. ഉൽപ്പാദന നഷ്ടം 1062 കോടി. കയറ്റുമതിമേഖലയിൽ 600 കോടിയുടെ വരുമാനമിടിയും.
കോവിഡ് അടച്ചുപൂട്ടലിൽ ആദ്യഘട്ടംമുതൽ മത്സ്യത്തൊഴിലാളികളെയും ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്ന നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചത്. ഏപ്രിൽ 10 മുതൽ ചെറുവള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി ഉറപ്പാക്കി. ഇപ്പോൾ, ഏതാണ്ടെല്ലാത്തരം യാനങ്ങൾക്കും മത്സ്യബന്ധനത്തിന് പോകാനാകുന്നു. എന്നിട്ടും മേഖലയ്‌ക്ക് ഇതുവരെയുള്ള നഷ്ടം വലുതാണ്. സമുദ്രമത്സ്യബന്ധനമേഖലയിൽ 1,15,668 തൊഴിലാളി കുടുംബവും അനുബന്ധമേഖലയിൽ 23,881 കുടുംബവുമുണ്ട്. ഉൾനാടൻ മത്സ്യമേഖലയിൽ 23,848 തൊഴിലാളി കുടുംബവും 766 അനുബന്ധ തൊഴിലാളി കുടുംബവുമുണ്ട്. 649 മത്സ്യത്തൊഴിലാളി സഹകരണ സംഘവുമുണ്ട്. അയ്യായിരത്തിൽപ്പരം സൂക്ഷ്‌മ തൊഴിൽസംരംഭങ്ങളുമുണ്ട്. ഇവയെല്ലാം സംരക്ഷിക്കുക, നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന വലിയ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപവീതവും അനുബന്ധ മേഖലയിൽ ഉൾപ്പെടെ മറ്റുള്ള തൊഴിലാളികൾക്ക് 1000 രൂപവീതവും സഹായം ലഭ്യമാക്കി.
പുതിയ മത്സ്യവിൽപ്പന രീതി
അടച്ചുപൂട്ടൽകാലത്തെ പുതിയ മത്സ്യവിൽപ്പന രീതി തുടരണം എന്നതിൽ സർക്കാരിൽ വലിയ സമ്മർദമുണ്ട്. വിഴിഞ്ഞം ഒഴികെയുള്ള തുറമുഖങ്ങളിലെയും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് മുൻവർഷത്തെ ഇതേകാലത്തെ അപേക്ഷിച്ച് പത്ത് കോടിയിലധികം രൂപ അധികമായി മീൻ വിലയായി ലഭിച്ചു. ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാരായ സ്‌ത്രീകൾക്കുമെല്ലാം ആദായം ഉയരുന്നു. ഇതാണ് ഈ സമ്പ്രദായത്തിന് ലഭിക്കുന്ന പൊതുസ്വീകാര്യതയ്‌ക്ക് കാരണം.
മത്സ്യബന്ധനമേഖലയുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ് സംസ്ഥാനം കേന്ദ്ര സഹായത്തിനായി നൽകി. 6157 കോടി രൂപയാണ് പാക്കേജിന്റെ അടങ്കൽ. ഇതിൽ ഉദാരനിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ജൂണിൽ ട്രോളിങ് നിരോധനവും നടപ്പാകും. തൊഴിലാളി കുടുംബങ്ങളിലെ ദുരിത ലഘൂകരണത്തിന് ബദൽ ഉപജീവനമാർഗം ഉറപ്പാക്കേണ്ടതുണ്ട്. ഉൾനാടൻ, സമുദ്ര മത്സ്യബന്ധനമേഖലകളുടെ നവീകരണം അനിവാര്യമാക്കുന്നു. മത്സ്യവിതരണ ശൃംഖലകൾ നവീകരിക്കണം.
മത്സ്യബന്ധന, അനുബന്ധമത്സ്യ മേഖലയിലെ വായ്‌പകളുടെ പലിശ കേന്ദ്ര സർക്കാർ എഴുതിത്തള്ളണം. മുതലിന്റ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കണം. കോവിഡ് കാലത്ത് തൊഴിലാളികൾക്ക് നഷ്ടപ്പെട്ട കൂലിവരുമാനത്തിന്റെ പകുതിയെങ്കിലും കേന്ദ്രസഹായമായി ലഭ്യമാക്കണം.
സംസ്ഥാനത്തെ പൊതുമേഖലാ, സഹകരണ കശുവണ്ടി ഫാക്ടറികളുടെ ഒക്ടോബർവരെയുള്ള പ്രവർത്തനത്തിന് ആവശ്യമായ തോട്ടണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്ന് കശുവണ്ടി വ്യവസായത്തിന്റെ ചുമതലകൂടിയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിദേശരാജ്യങ്ങളിൽനിന്ന് 6000 ടൺ തോട്ടണ്ടി ലഭ്യമാക്കി.
കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 3000 ടണ്ണിൽപ്പരം തോട്ടണ്ടി കിലോയ്‌ക്ക് 100 രൂപ നിരക്കിൽ സംഭരിച്ചു. ഇപ്പോഴും സംഭരണം തുടരുന്നു. തുറന്നുപ്രവർത്തിച്ചതും അല്ലാത്തതുമായ എല്ലാ ഫാക്ടറികളിലെയും തൊഴിലാളികൾക്ക് കോവിഡ് കാലത്ത് 1000 രൂപവീതം പ്രത്യേക സഹായം നൽകി.
Share your comments