സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്‍റെ ഒന്നര മടങ്ങാക്കണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഏക്കറിന് 10,000 രൂപ നിരക്കില്‍ പരമാവധി പത്തേക്കറിനുവരെ സബ്‌സിഡി നല്‍കണമെന്നും, സബ്സിഡി സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്‍റെ ഓഫീസാണ് സമിതിയെ നിയോഗിച്ചത്.
വിത്ത്, വളം, അനുബന്ധ സാധനങ്ങള്‍ എന്നിവ വാങ്ങാനും വിള ഇന്‍ഷുറന്‍സിനും മറ്റുമായി ഏക്കറിന് 6,000 രൂപയാണ് സബ്‌സിഡി. ഇതിനുപുറമേ കാര്‍ബണിന്‍റെ അളവുകുറയ്ക്കാനും കാര്യക്ഷമമായ വിളപരിപാലന രീതികള്‍ നടപ്പാക്കാനുമായി 4,000 രൂപയും നല്‍കണം. ഇതുവഴി കര്‍ഷകന് വര്‍ഷം ഒരേക്കറിന് മൊത്തം 10,000 രൂപ സബ്‌സിഡിയായി ലഭിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷം മൂന്നര ലക്ഷം കോടി രൂപ നീക്കിവെയ്ക്കണം.സബ്‌സിഡി സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
കൂടുതല്‍ വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണം. താങ്ങുവില യഥാസമയം പുനഃപരിശോധിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിക്കണം. എല്ലാവിളകള്‍ക്കും 'സി-രണ്ട്' മാനദണ്ഡമനുസരിച്ച് ഉത്പാദനച്ചെലവിന്‍റെ ഒന്നരമടങ്ങ് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണം. കൃഷിഭൂമിയുടെ വാടകയും അദൃശ്യചെലവും ഉള്‍പ്പെടെ കണക്കാക്കിയാണ് സി-രണ്ടില്‍ ഉത്പാദനച്ചെലവ് നിശ്ചയിക്കുന്നത്. വിളസംഭരണത്തില്‍ സംസ്ഥാന ഏജന്‍സികളെയും ഉള്‍പ്പെടുത്തണം. ചില സംസ്ഥാനങ്ങള്‍ കമ്ബോള നികുതി 14 ശതമാനം വരെ ഈടാക്കുന്നുണ്ട്. ഇത് രാജ്യത്താകമാനം 6-8 ശതമാനമായി ഏകീകരിക്കണം. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും ഉന്നതതല സമിതി പുനഃപരിശോധന നടത്തണം.കാര്‍ഷികോത്പന്നങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും കയറ്റുമതി സാധ്യത കണക്കിലെടുത്ത് ഈ ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് 5 ശതമാനമായി നിലനിര്‍ത്തണം. കമ്ബനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
Share your comments