1. കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സെപ്റ്റംബർ 9-ാം തീയതി അങ്കമാലി സി എസ് എ ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് കാര്‍ഡ് നിർവഹിച്ചിരുന്നു. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാവുന്നതാണ്. ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ് അവസരമൊരുക്കും. കർഷകന് സമയബന്ധിതമായി സേവനങ്ങൾ നൽകുവാനും, ലഭിക്കുന്ന സേവനങ്ങൾ കർഷകർക്ക് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://malayalam.krishijagran.com/news/agriculture-department-with-official-id-card-system-for-farmers/
2. ക്ഷീര വികസന വകുപ്പ് മാഞ്ഞൂർ യൂണിറ്റ് - കാണക്കാരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ അഞ്ചിനുള്ളിൽ സംഘങ്ങളിൽ നൽകണം. ക്ഷീരസംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്ററിനറി സർജന്റെ സാക്ഷ്യപത്രവും നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04829-243878 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഒക്ടോബർ 31 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും നിലവിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Share your comments