ആലപ്പുഴ: നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില കൃഷിക്കാർക്ക് നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. നെല്ലിന് വീണ്ടും താങ്ങുവില ഒരു രൂപ കൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ കിലോയ്ക്ക് 26 രൂപ 30 പൈസയാകും. നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില കൃഷിക്കാർക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇത് ഔദാര്യമല്ല. മറിച്ച് കേരളത്തിലെ കർഷകരുടെ അവകാശം സർക്കാർ നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ കുട്ടനാട്ടിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന നല്ല കൃഷി മുറ പദ്ധതിക്ക് മുന്നോടിയായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ദ്വിദിന ശിൽപശാല 'പരിസ്ഥിതിസൗഹൃദ കുട്ടനാട്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെല്ല് സബ്‌സിഡിയിൽ 17.30 രൂപയാണ് കേന്ദ്രത്തിന്റെ വിഹിതം. ബാക്കി മുഴുവൻ സംസ്ഥാന സർക്കാരാണ് നൽകുന്നത്. മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ നെല്ലിനു താങ്ങുവില നൽകുന്നില്ല. പ്രളയത്തിനു ശേഷം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയതും നെൽകൃഷിക്കാർക്കാണ്. വിള നാശത്തിന് 13500 രൂപയും ചെളി നീക്കം ചെയ്യുന്നതിന് 12200 രൂപയും കൂട്ടിയാണ് നഷ്ടപരിഹാരം നൽകിയത്. ഇതിനായി 35 കോടി രൂപ കഴിഞ്ഞദിവസം വിതരണത്തിനായി നൽകിയതായും മന്ത്രി പറഞ്ഞു. പ്രളയത്തിനു ശേഷം വിത്ത്, കുമ്മായം, പമ്പിങ് മുതലായവയെല്ലാം സൗജന്യമായി നൽകി. പമ്പിങ് സബ്‌സിഡിക്ക് നാളുകളായി നിലനിന്നിരുന്ന പ്രശ്‌നം പരിഹരിച്ചു. ഇത്തരത്തിൽ സർക്കാർ സ്വീകരിച്ച നടപടികളുടെയും കർഷകരുടെ അധ്വാനത്തിന്റെയും ഫലമായി നെല്ലുൽപ്പാദനം കാര്യമായി വർധിപ്പിക്കാൻ കഴിഞ്ഞു.
കുട്ടനാട്ടിലെ കാർഷികമേഖലയിൽ ഉള്ള പ്രശ്‌നങ്ങൾ ഗൗരവമായി പഠിച്ച് നല്ല മുറ കൃഷി പരിപാലന രീതി നടപ്പാക്കുമെന്നും കുട്ടനാട്ടിൽ കാർഷിക കലണ്ടർ നിർബന്ധമായും പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് കൃഷി വ്യക്തമാക്കി. കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയമായ കൃഷി രീതികളും കുട്ടനാട്ടിലെ മണ്ണിന്റെ അമ്ലാംശം കൂട്ടുകയും ലോഹ അംശത്തിന്റെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മഹാപ്രളയം ഉണ്ടാകുന്നത് . പ്രളയത്തിനു ശേഷം കുട്ടനാട്ടിലെ മണ്ണിൽ ഏറെ മാറ്റങ്ങളുണ്ടായി. ശരാശരി നെല്ലുൽപാദനം അഞ്ച് ടണ്ണിൽ നിന്നും എട്ട് ശതമാനം വരെയായി ഉയർന്നു എന്നത് എടുത്തുപറയേണ്ടതാണ്. പ്രളയത്തിനു ശേഷം മണ്ണിലെ ജൈവ കാർബൺ 1.5 ശതമാനത്തിൽനിന്ന് 3.5 ശതമാനമായി ഉയരുകയാണുണ്ടായത് .
ഇതിന്റെ ഗുണഫലങ്ങൾ തുടർന്നു കൊണ്ടു പോകേണ്ടത് കൃഷിക്കാരുടെയും സംസ്ഥാനത്തിൻരെയും ആവശ്യമാണ്. ശാസ്ത്രീയമായ വളപ്രയോഗം, കീടനാശിനി നിയന്ത്രണം എന്നിവ കുട്ടനാട്ടിൽ പാലിച്ചേ മതിയാവൂ. കുട്ടനാട്ടിൽ പുഞ്ചകൃഷി വഴി 125 കോടി രൂപയുടെ അധിക നെല്ല് ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും കർഷകർക്ക് ഇതിൽ അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് പിന്നിൽ എല്ലാ പിന്തുണയുമായി കൃഷിവകുപ്പും സർക്കാരും ഉണ്ട.് പ്രളയത്തിനുശേഷം ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായാണ് വിതരണം ചെയ്തത്.
രാസവളത്തിന്റെ ഉപയോഗം കുട്ടനാട്ടിൽ ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത് . ആയിരം കോടി രൂപയുടെ കുട്ടനാട് രണ്ടാം പാക്കേജ് കൊണ്ടുവരുമ്പോൾ കൃഷിക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി . പ്രളയശേഷം പുനർജനി പദ്ധതി വഴിയുള്ള പച്ചക്കറികളുടെ തൈവിതരണവും മന്ത്രി യോഗത്തിൽ നിർവഹിച്ചു. വൃക്ഷത്തൈയും നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ നല്ലമുറ കൃഷിരീതിയുടെ തുടക്കം കുറിച്ചു.
കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ.ജോയിക്കുട്ടി ജോസ്, കൃഷി ഡയറക്ടർ പി.കെ ജയശ്രീ, കാർഷികോത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർസിങ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശ്, മുൻ എം.എൽ.എമാരായ കെ.സി ജോസഫ്, സി.കെ സദാശിവൻ,കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസർച് ഡോ.ഇന്ദിരാദേവി, കെ.എൽ.ഡി.സി ചെയർമാൻ ടി.പുരുഷോത്തമൻ, എം.എം സുനിൽകുമാർ, പി.ജി ചന്ദ്രമതി, ബിജു പാലത്തിങ്കൽ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ അഞ്ജലോസ് തുടങ്ങിയവർ പങ്കെടുത്തു.
Share your comments