News

മധുവൊഴുകും വിജയഗാഥ

പരാജയങ്ങളിലും തളരാത്ത വീര്യമാണ് ദേവരാജനെ ഇന്ന് നാടറിയുന്ന 'ഹണി രാജനാക്കി' മാറ്റിയത്. കല്ലുകെട്ട് തൊഴിലാളിയായിരുന്ന ദേവരാജന് ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് കഠിനാധ്വാനം ചെയ്യാന്‍ പറ്റാതായി. അതോടു കൂടിയായിരുന്നു അധികം കായികാധ്വാനം ആവശ്യമില്ലാത്ത ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അങ്ങനെയാണ് തേനിച്ച കൃഷിയിലേക്കെത്തുന്നത്. അങ്ങനെ ബേദഡുക്ക പഞ്ചായത്തില്‍ നിന്ന് വ്യക്തിഗത ആനുകൂല്യമായി ലഭിച്ച തേനിച്ചപ്പെട്ടിയുമായി കൃഷി ആരംഭിക്കാന്‍ ശ്രമിച്ചു. പരിചയക്കുറവ് മൂലം വിജയിച്ചില്ല. എന്നാല്‍ ശ്രമം ഉപേക്ഷിക്കാന്‍ ദേവരാജന് മനസ് ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഈ മേഖലയില്‍ ഏറെ കഴിവ് തെളിയിച്ച ചാര്‍ളി മാഷിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നടന്ന തേനിച്ച വളര്‍ത്തല്‍ പരീശിലനപരിപാടിയില്‍ പങ്കെടുക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു കൃഷി വിജ്ഞാനകേന്ദ്രത്തിലെ പരീശിലനമെന്ന് ദേവരാജന്‍ അഭിമാനത്തോടെ പറയുന്നു. പരിശീലനക്ലാസിനെത്തിയവരില്‍ ഭൂരിഭാഗവും ഈ മേഖലയില്‍ നിന്ന് മാറിപ്പോയപ്പോള്‍ ഇതാണ് തന്റെ വഴിയെന്ന് ഉറച്ച് വിശ്വസിച്ച് ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ട പ്രതിസന്ധികളോട് പടവെട്ടി വിജയം നേടുകയായിരുന്നു സമ്മിശ്ര കര്‍ഷകനായ ദേവരാജന്‍. മൂന്ന് വര്‍ഷം മുമ്പ് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നിന്ന് സബ്സിഡിയോടുകൂടി ലഭിച്ച പത്ത് തേനിച്ച പെട്ടിയില്‍ ആരംഭിച്ച ദേവരാജന് ഇന്ന് 45 വലിയ തേനിച്ചപ്പെട്ടികളും ഒന്‍പതു ചെറുതേന്‍ പെട്ടികളും സ്വന്തമായുണ്ട്. കൃഷി വിജ്ഞാന്‍ കേന്ദ്രം നടത്താറുള്ള തേനിച്ച കര്‍ഷകര്‍ക്കുള്ള പരിശീലനകേന്ദ്രം കൂടിയാണ് ഇപ്പോള്‍ ദേവരാജന്റെ കൃഷിയിടം.

ഏറെ ശ്രദ്ധയും പരിപാലനവും നല്‍കിയാല്‍ കുറഞ്ഞ മുതല്‍മുടക്കില്‍ എല്ലാവര്‍ക്കും ആരംഭിക്കാവുന്ന കൃഷിയാണ് തേനിച്ച വളര്‍ത്തല്‍ എന്നാണ് ദേവരാജന്റെ പക്ഷം. സ്വന്തമായി കൃഷിയിടമില്ലെങ്കിലും മറ്റ് വിളകള്‍ക്ക് കൂടി ഗുണകരമാണെന്നുള്ളതുകൊണ്ട് യാതൊരു പ്രതിഫലവും വാങ്ങാതെ തന്നെ തേനിച്ചകൃഷിക്കായി സ്ഥലം നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവരുന്നുവെന്നാണ് ദേവരാജന്റെ അനുഭവം. തേന്‍ ഉല്‍പാദനത്തില്‍ കുറവ് സംഭവിച്ചാലും സഹവിളകളിലെ ഉത്പാദനം വര്‍ധിക്കുമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

75 സെന്റ് വരുന്ന ഭൂമിയില്‍ റബര്‍ അടക്കമുള്ള വിളകള്‍ക്കിടയിലാണ് തേനിച്ചപ്പെട്ടികള്‍ വച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും കൃത്യമായ പരിചരണം ഇവയ്ക്ക് വേണം. വിഭജനകാലത്തും, തേനെടുക്കുന്ന സമയത്തും, മഴക്കാലത്തും കൂടുതല്‍ പരിചരണം കൂടിയേ തീരു. മഴക്കാലത്തും വിഭജനകാലത്തും പഞ്ചസാരലായനി പെട്ടിയില്‍ വയ്ക്കും. തേനിച്ചകള്‍ക്ക് വേദനിക്കാത്ത വിധത്തില്‍ വേണം എല്ലാം കൈകാര്യം ചെയ്യേണ്ടത്. അവയിലൊന്നിന് വേദനിച്ചാല്‍ ഒന്നായും അതില്‍ നിന്ന് വമിക്കുന്ന ഗന്ധമറിഞ്ഞ് എത്തുന്ന മറ്റ് തേനിച്ചകള്‍ പിന്നീട് കൂട്ടമായും ആക്രമിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഒരു തേനിച്ചയുടെ കുത്തേറ്റ് കഴിഞ്ഞാല്‍ തേനിച്ച കൂടുകള്‍ക്കരികില്‍ നിന്ന് കുറച്ച് നേരം മാറി നില്‍ക്കുന്നതാണ് ഉചിതം. സെപ്തംബര്‍- ഡിസംബര്‍ മാസം തേനിച്ചയുടെ വിഭജനകാലമായും ഫെബ്രുവരി - മെയ് മാസം തേന്‍ ശേഖരിക്കാനുള്ള മാസങ്ങളായും ഇദ്ദേഹം കണക്കാക്കുന്നു.

ആദ്യവര്‍ഷം തേനിച്ച പെട്ടികള്‍ക്കും മറ്റുമായി ഇദ്ദേഹത്തിന് 36000 രൂപയോളം ചെലവ് വന്നു. ആദ്യവിളവെടുപ്പില്‍ തന്നെ രണ്ടു ക്വിന്റല്‍ തേന്‍ ലഭിച്ചു. ഒരു തവണ മുതല്‍ മുടക്കിയാല്‍ അതീവ ശ്രദ്ധയും പരിചരണവും കൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളിലും നല്ല വിളവ് ലഭിക്കുന്ന കൃഷിയാണ് തേനീച്ച വളര്‍ത്തല്‍. ഇദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കി ഭാര്യ വിശാലാക്ഷിയും മക്കളായ കാര്‍ത്തികും കൃതികയും കൂടെയുണ്ട്. ഒപ്പം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അധികൃതര്‍ നല്‍കുന്ന പിന്തുണയും. ഇദ്ദേഹം ഉത്പാദിപ്പിച്ച തേന്‍ 'ലയ' എന്ന പേരില്‍ വിപണികളില്‍ സജീവമായിക്കഴിഞ്ഞു.

രമ്യ ശ്രീജത്ത്കൃഷിജാഗരണ്‍ കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്ററാണ് 

 


Share your comments